ഭോപ്പാല്‍: കഴിഞ്ഞ 40 വര്‍ഷമായി താന്‍ ചില്ലുകഷ്ണങ്ങള്‍ ഭക്ഷിക്കുന്നുവെന്നവകാശപ്പെട്ട് മധ്യപ്രദേശ് സ്വദേശിയായ അഭിഭാഷകന്‍ രംഗത്ത്. ദയാറാം സാഹു എന്നയാളാണ് കഴിഞ്ഞ 40 വര്‍ഷമായി ബള്‍ബ്, മദ്യക്കുപ്പികള്‍, ട്യൂബ് മുതലായവ ചെറുപ്പം മുതലേ ഭക്ഷിക്കുന്നുവെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയത്. ദിന്‍ദോരി സ്വദേശിയാണ് ഇയാള്‍. 

എന്തെങ്കിലും വ്യത്യസ്തമായത് ചെയ്യണമെന്ന് തോന്നി. അങ്ങനെയാണ് ഗ്ലാസ് ഭക്ഷിച്ചു തുടങ്ങിയത്. ആദ്യം തന്നെ നല്ല രുചി അനുഭവപ്പെട്ടു. പിന്നീട് ഗ്ലാസ് ഭക്ഷിക്കുന്നത് കാണാന്‍ ആളുകളെത്തി. ഇപ്പോള്‍ അതൊരു ശീലമായെന്നും സാഹു പറഞ്ഞു. ഇപ്പോള്‍ സിഗരറ്റും മദ്യവും പോലെയാണ് എനിക്ക് ഗ്ലാസെന്നും സാഹു പറയുന്നു.

പല്ലുകള്‍ക്ക് ചെറിയ പ്രശ്നമുണ്ടെന്നതല്ലാതെ മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല. വലിയ ചില്ലുകഷ്ണം തിന്നുമ്പോള്‍ വയറിന് മുറിവേല്‍ക്കാന്‍ സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതോടെ ഇപ്പോള്‍ നിയന്ത്രിച്ചിട്ടുണ്ട്. തന്നെ മറ്റാരും അനുകരിക്കരുതെന്നും ആരോഗ്യത്തിന് ദോഷമാകുമെന്നും അദ്ദേഹം പറയുന്നു.
അതേസമയം, ഗ്ലാസ് ഒരിക്കലും ദഹിക്കില്ലെന്ന് സാഹ്പുര ജില്ല ആശുപത്രിയിലെ ഡോക്ടര്‍ സതേന്ദ്ര പരസ്തെ പറഞ്ഞു. ആന്തരികാവയവങ്ങളില്‍ മുറിവിനും അണുബാധക്കും കാരണമാകുമെന്നും മരണം വരെ സംഭവിക്കുമെന്നും ഡോക്ടര്‍ പറഞ്ഞു.