ഭോപ്പാൽ: കുതിച്ചെത്തിയ വെള്ളക്കെട്ടിൽ അകപ്പെട്ടയാളെ സാഹസികമായി രക്ഷിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. മരത്തിൽ പിടിച്ച് 24 മണിക്കൂർ കഴിച്ചുകൂട്ടിയ ആളെയാണ് ദേശീയ ദുരന്ത നിവാരണ സേന എയര്‍ലിഫ്റ്റിംഗ് വഴി രക്ഷപ്പെടുത്തിയത്. 

മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിലാണ് സംഭവം. മധു കഹാർ എന്നയാളെയാണ് രക്ഷാപ്രവർത്തകരുടെ സഹായത്തോടെ കരയ്ക്കെത്തിച്ചത്. ശക്തമായ മഴയെ തുടർന്ന് ജില്ലയിലെ അണക്കെട്ട് തുറന്നിട്ടിരുന്നു.

കൂട്ടുകാർക്കൊപ്പം മീൻ പിടിക്കാൻ തുരുത്തിൽ എത്തിയ മധു കഹാർ പ്രളയത്തിൽ ഒറ്റപ്പെടുകയായിരുന്നു. ഇദ്ദേഹത്തിന്റെ കൂടെ വന്നവര്‍ രക്ഷപ്പെട്ടു. തുടര്‍ന്ന് ഒരു രാത്രി മുഴുവന്‍ വെള്ളത്തില്‍ കഴിഞ്ഞയാളെ ഇന്ന് രക്ഷപ്പെടുത്തുക ആയിരുന്നു. കഴിഞ്ഞ ഒരാഴ്ച്ചയായി ശക്തമായ മഴയാണ് മധ്യപ്രദേശിൽ പെയ്തത്. വരും ദിവസങ്ങളിലും പല ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.