ഭോപ്പാൽ: മധ്യപ്രദേശിൽ മഴ ശക്തമായി. കനത്ത മഴയെത്തുടർന്ന് ഹർദ ജില്ലാ ജയിലിനുള്ളിൽ വെള്ളം കയറി. ജയിലിലെ അന്തേവാസികളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയതായി ജയിൽ അധികൃതർ അറിയിച്ചു. ഇന്ന് ഉച്ചയോടെയാണ് അന്തേവാസികളെ ജയിലിൽ നിന്ന് മാറ്റിയത്.

മധ്യപ്രദേശിൽ മഴ കനത്തതോടെ നിരവധി അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ബയിൻ ​ഗം​ഗം നദി മുറിച്ച് കടക്കുന്നതിനിടെ ബിജെപി നേതാവ‍ടക്കം രണ്ട് പേർ അപകടത്തിൽപ്പെട്ടു. ഇവരെ ഇതുവരെ കണ്ടെത്താൻ കഴി‍ഞ്ഞിട്ടില്ല. സിയോണി ജില്ലയിൽ ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്.

ഭോപ്പാലിൽ അഴുക്കുചാലിൽ വീണ് രണ്ട് വയസ്സുകാരിക്ക് ദാരുണാന്ത്യം. അനുഷ്ക സെൻ ആണ് മരിച്ചത്. അഴുക്കുചാലിൽ കുരുങ്ങിയ നിലയിൽ കണ്ടെത്തിയ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.