ഫഗ്വാര:  നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പിടികിട്ടാപ്പുള്ളിയെ മധ്യപ്രദേശ് പൊലീസ് കുടുക്കിയത് വിവാഹാലോചനയിലൂടെ. മധ്യപ്രദേശിലെ ചത്തന്‍പൂര്‍ നൗഗോണിലാണ് സംഭവം. 

മധ്യപ്രദേശ് പൊലീസിന് സ്ഥിരം തലവേദനയായിരുന്നു 55കാരനായ ബാല്‍കൃഷ്ണ ചൗബെ. മോഷണവും കൊലപാതകവുമുള്‍പ്പെടെ നിരവധി കുറ്റകൃത്യങ്ങളില്‍ പ്രതിയാണ് ഇയാള്‍. ചൗബെ ഒളിച്ചിരിക്കാന്‍ സാധ്യതയുള്ളിടത്ത് പൊലീസ് പലതവണ തെരച്ചില്‍ നടത്തിയെങ്കിലും ഇയാളെ പിടികൂടാന്‍ സാധിച്ചില്ല. മോഷണവും കൊലപാതകവും ഉള്‍പ്പെടെ നടത്തിയ ശേഷം ഉത്തര്‍പ്രദേശിലേക്ക് കടക്കുകയാണ് ഇയാളുടെ പതിവ്. 

ചൗബെയ്ക്ക് വേണ്ടി ബന്ധുക്കള്‍ വധുവിനെ തേടുന്നുണ്ടെന്ന് മനസ്സിലാക്കിയ പൊലീസ് ഇയാളെ പിടികൂടാന്‍ ചത്തന്‍പൂര്‍ നൗഗോണ്‍ ബ്ലോക്കിലെ ഗരോലി ചൗക്ക് സബ് ഇന്‍സ്പെകടറായ മാധവി അഗ്നിഹോത്രിയെ ചുമതലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് 30 കാരിയായ മാധവി തന്‍റെ പഴയ ചിത്രങ്ങള്‍ ഇടനിലക്കാരന്‍ വഴി ചൗബെയ്ക്ക് എത്തിച്ച് വിവാഹാലോചന നടത്തി. നേരില്‍ കാണാനായി മാധവിയെ ബാലകൃഷ്ണ ക്ഷണിച്ചു. വ്യാഴാഴ്ച മാധവിയെ കാണാനായി ബിജോരിയിലെത്തിയ ബാലകൃഷ്ണയെ പൊലീസ് പിടികൂടുകയായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി. ഇയാളെ റിമാന്‍ഡ് ചെയ്തു.