ദീപങ്ങള്‍ കൊണ്ടും ശ്രീരാമ ചിത്രങ്ങള്‍ കൊണ്ടും  ഓഫീസ് അലങ്കരിച്ചു. കമല്‍നാഥുള്‍പ്പെടെയുള്ള നേതാക്കള്‍ ശ്രീരാമ ചിത്രത്തില്‍ വിളക്ക് തെളിയിച്ച് പൂജ നടത്തി. 

ഭോപ്പാല്‍: അയോധ്യയില്‍ രാമക്ഷേത്രത്തിന് ശിലാസ്ഥാപന കര്‍മ്മം നടത്തിയതില്‍ മധ്യപ്രദേശ് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ആഘോഷം. മുന്‍ മുഖ്യമന്ത്രിയും പിസിസി പ്രസിഡന്റുമായ കമല്‍നാഥിന്റെ നേതൃത്വത്തിലാണ് ആഘോഷം നടന്നത്. ദീപങ്ങള്‍ കൊണ്ടും ശ്രീരാമ ചിത്രങ്ങള്‍ കൊണ്ടും ഓഫീസ് അലങ്കരിച്ചു. കമല്‍നാഥുള്‍പ്പെടെയുള്ള നേതാക്കള്‍ ശ്രീരാമ ചിത്രത്തില്‍ വിളക്ക് തെളിയിച്ച് പൂജ നടത്തി. കമല്‍നാഥിന്റെ ഔദ്യോഗിക വസതിയും ദീപങ്ങളാല്‍ അലങ്കരിച്ചിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു. ചൊവ്വാഴ്ച കമല്‍നാഥിന്റെ നേതൃത്വത്തില്‍ ഹനുമാന്‍ ചാലിസ നടത്തിയിരുന്നു.

അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് പൂര്‍ണ പിന്തുണയര്‍പ്പിച്ച് കമല്‍നാഥ് നേരത്തെ രംഗത്തെത്തിയിരുന്നു. ശിലാന്യാസം ചരിത്ര സംഭവമാണെന്നും രാമക്ഷേത്ര നിര്‍മാണം രാജ്യത്ത് എല്ലാവര്‍ക്കും സന്തോഷം നല്‍കുമെന്നും കമല്‍നാഥ് പറഞ്ഞു. രാമരാജ്യത്തെക്കുറിച്ച് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വ്യക്തമാക്കിയിരുന്നെന്നും രാമക്ഷേത്ര നിര്‍മാണത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചിരുന്നെന്നും കമല്‍നാഥ് വ്യക്തമാക്കി. രാജ്യത്തെ എല്ലാവര്‍ക്കും സന്തോഷിക്കാനുള്ള നിമിഷമാണിതെന്നും കമല്‍നാഥ് കൂട്ടിച്ചേര്ത്തു. 

രാമക്ഷേത്ര നിര്‍മാണത്തില്‍ കോണ്‍ഗ്രസ് രാഷ്ട്രീയ നേട്ടം മുന്നില്‍ക്കണ്ട് പ്രസ്താവനകളിറക്കുകയാണെന്ന് ബിജെപി കുറ്റപ്പെടുത്തി. ഒരു മതത്തിന്റെ പേറ്റന്റ് ആര്‍ക്കും നല്‍കിയിട്ടില്ലെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു. മധ്യപ്രദേശില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇരുപാര്‍ട്ടികളു രാമക്ഷേത്ര നിര്‍മാണം രാഷ്ട്രീയ ആയുധമാക്കുന്നത്. ബുധനാഴ്ചയാണ് അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് ശിലാന്യാസം നടത്തിയത്.