ഭോപ്പാല്‍: മധ്യപ്രദേശില്‍ അഞ്ചംഗ കുടുംബത്തെ മരിച്ചനിലയില്‍ കണ്ടെത്തി. മരിച്ച അഞ്ച് പേരില്‍ നാല് വയസ്സുള്ള കുഞ്ഞും ഉള്‍പ്പെടും. മരണത്തില്‍ ദുരൂഹത സംശയിക്കുന്നതിനാല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മധ്യപ്രദേശിലെ ടിക്കംഗര്‍ ജില്ലയിലെ ഇവരുടെ വീട്ടില്‍നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി. 

വിരമിച്ച സര്‍ക്കാര്‍ ജീവനക്കാരനായ ധരംധാസ് സോണി (62), ഭാര്യ പൂന (55), മകന്‍ മനോഹര്‍ (27), മരുമകള്‍ സോനം (25), നാലുവയസ്സുള്ള പേരമകന്‍ എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ആരെയും വീടിന് പുറത്തുകാണാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തിയാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. 

വീടിന്റെ മുന്‍വശത്തെ വാതില്‍ അകത്തുനിന്ന് പൂട്ടിയിരുന്നു. സൊനത്തിന്റെയും കുഞ്ഞിന്റെയും ശരീരത്തില്‍ മുറിപ്പാടുകള്‍ ഉണ്ടായിരുന്നു. മനോഹര്‍ സോണിയുടെ ശരീരത്തില്‍ രക്തവും ഉണ്ടായിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്നും ഫോറന്‍സിക് വിദഗ്ധര്‍ സംഭവസ്ഥലത്തുനിന്ന് സാമ്പിളുകള്‍ ശേഖരിച്ചുവെന്നും പൊലീസ് വ്യക്തമാക്കി.