ഭോപ്പാൽ: കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയ ജ്യോതിരാദിത്യ സിന്ധ്യക്ക് നേരെ ആക്രമണം. ഭോപ്പാൽ കമല പാർക്കിന് സമീപം ഇന്നലെ രാത്രിയാണ് സംഭവം. കരിങ്കൊടി കാട്ടിയ സംഘം സിന്ധ്യയുടെ കാറിന് നേരെ കല്ലെറിഞ്ഞു. അക്രമണത്തിന് പിന്നിൽ കോൺഗ്രസാണെന്ന് ശിവരാജ് സിംഗ് ചൗഹാൻ ആരോപിച്ചു.

മധ്യപ്രദേശ് സർക്കാരിൽ പ്രതിസന്ധി തുടരുന്നതിനിടെ രാജിയിൽ വിശദീകരണം തേടി വിമത എംഎൽഎമാർക്ക് സ്പീക്കർ വീണ്ടും കത്ത് നൽകിയിരിക്കുകയാണ്. നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്നാണ് ആവശ്യം. ബെംഗലുരുവിൽ നിന്ന് എംഎൽഎമാർ ഇന്നലെ ഭോപ്പാലിൽ എത്തുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും യാത്ര അവസാന നിമിഷം മാറ്റി. സുരക്ഷാ പ്രശ്നം ഉയർത്തിക്കാട്ടിയായിരുന്നു പിന്മാറ്റം. 

രാജിയിൽ സ്പീക്കർ തീരുമാനം നീട്ടിയാൽ കോടതിയെ സമീപിക്കാനും എംഎൽഎമാർ നീക്കം തുടങ്ങിയിട്ടുണ്ട്. അതേസമയം വിശ്വാസവോട്ട് തേടുമെന്ന് കമൽ നാഥ് വ്യക്തമാക്കിയതോടെ തിങ്കളാഴ്ച തുടങ്ങുന്ന നിയമസഭ സമ്മേളനം നിർണായകമാകും. എംഎൽഎമാർ രാജിയിലുറച്ച് നിന്നാൽ സർക്കാർ താഴെ വീഴും.