മഡിവാള ബലാത്സംഗക്കേസിൽ പെൺകുട്ടിയെയും സുഹൃത്തുക്കളെയും ഹണി ട്രാപ്പ് കേസിൽ പെടുത്താൻ പ്രതിയുടെ ശ്രമം. തനിക്കെതിരായി ഹണി ട്രാപ്പിന് ശ്രമം നടക്കുന്നു എന്ന് കാട്ടി പ്രതി മഡിവാള പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. കഫെ വിൽപനയുമായി ബന്ധപ്പെട്ട തർക്കം മറയാക്കിയായിരുന്നു ഹൈനസിന്റെ നീക്കം.
ബെംഗളൂരു: ബെംഗളൂരുവിലെ മഡിവാളയിൽ ബലാത്സംഗത്തിനിരയായ മലയാളി പെൺകുട്ടിയെയും സുഹൃത്തുക്കളെയും ഹണി ട്രാപ്പ് കേസിൽ പെടുത്താൻ പ്രതിയുടെ ശ്രമം. തനിക്കെതിരെ ഹണി ട്രാപ്പിന് ശ്രമം നടക്കുന്നു എന്ന് കാട്ടി പ്രതി വയനാട് സുൽത്താൻ ബത്തേരി സ്വദേശി ഹൈനസ് മഡിവാള പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. മഡിവാള പൊലീസ് കേസെടുക്കാൻ തയ്യാറാകാതിരുന്നതോടെ പെൺകുട്ടിയും സുഹൃത്തുക്കളും ബെംഗളൂരു നോർത്ത് ഡിസിപിയെ സമീപിച്ചപ്പോഴാണ് ഹണി ട്രാപ്പ് പരാതിയുടെ കാര്യം അറിഞ്ഞത്. പ്രതി ഒളിവിൽ പോകും മുൻപാണ് പരാതി നൽകിയത്. അതേസമയം പ്രതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടില്ല.

മഡിവാള പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ ഇടാൻ പോലും തയ്യാറായിരുന്നില്ലെന്ന് പെൺകുട്ടി പറഞ്ഞു. കേസെടുക്കാൻ ആവശ്യപ്പെട്ടപ്പോൾ കാത്തിരിക്കൂ എന്നാണ് പൊലീസുകാർ പറഞ്ഞത്. പല തരത്തിൽ ഭീഷണിയുണ്ടായി. ഇക്കാര്യം പറഞ്ഞപ്പോൾ ഒത്തുതീർപ്പാണ് നല്ലതെന്ന് പൊലീസ് പറഞ്ഞു. ഹണി ട്രാപ്പിൽ കുടുക്കാനാണ് ശ്രമമെന്ന് അറിയില്ലായിരുന്നു. ഡിസിപി പറഞ്ഞപ്പോഴാണ് ഇക്കാര്യം മനസ്സിലായതെന്നും പെൺകുട്ടി പറഞ്ഞു.
മെയ് 12നാണ് ബെംഗളൂരുവിൽ കോളേജ് വിദ്യാർഥിനിയായ പെൺകുട്ടി ബലാത്സംഗത്തിനിരയായത്. 13നാണ് പെൺകുട്ടിയും സുഹൃത്തുക്കളും പരാതിയുമായി മഡിവാള പൊലീസിനെ സമീപിച്ചത്. രാവിലെ ഏഴുമണിയോടെ സ്റ്റേഷനിലെത്തിയ ഇവർ രാത്രി 11 മണിവരെ സ്റ്റേഷനിൽ തുടരേണ്ട സാഹചര്യമുണ്ടായി. ഇതിനിടെ, പൊലീസുകാരിൽ നിന്നടക്കം ഭീഷണി നേരിട്ടു. തുടർന്ന് കേസ് ഒത്തുതീർപ്പാക്കുന്നതാണ് നല്ലതെന്നും അല്ലാത്തപക്ഷം വളരെയധികം ബുദ്ധിമുട്ട് ഉണ്ടാകുമെന്നു പൊലീസുകാർ പെൺകുട്ടിയെയും സുഹൃത്തുക്കളെയും അറിയിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് സ്റ്റേഷനിൽവെച്ച് തന്നെ പരാതി ഒത്തുതീർപ്പാക്കാൻ തീരുമാനിച്ചത്.
ബെംഗളൂരുവിൽ പഠിക്കുന്ന പെൺകുട്ടി പഠനത്തേടൊപ്പം സുഹൃത്തുക്കൾ നടത്തുന്ന കഫേയിൽ പാർട്ട് ടൈം ജോലി ചെയ്തിരുന്നു. കഫേ നഷ്ടത്തിലായതോടെ ഇത് വിൽക്കാൻ തീരുമാനിച്ചിരുന്നു. കഫേ വിൽപനയുടെ ഇടനിലക്കാരൻ ഹൈനസ് ആയിരുന്നു. കഫേയ്ക്ക് സമീപത്തുള്ള സുഹൃത്തുക്കളുടെ താമസസ്ഥലത്ത് പെൺകുട്ടി വിശ്രമിക്കുമ്പോഴാണ് വിൽപനയുടെ കാര്യങ്ങൾ സംസാരിക്കാനെത്തിയ ഹൈനസ് മുറിയിൽ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്തതെന്നാണ് പെൺകുട്ടി പറയുന്നത്. പൊലീസ് സ്റ്റേഷനിൽവെച്ചും താമസസ്ഥലത്ത് എത്തിയും ഹൈനസ് ഭീഷണിപ്പെടുത്തിയതായി പെൺകുട്ടിയും സുഹൃത്തുക്കളും ആരോപിച്ചിട്ടുണ്ട്.
അതേസമയം കേസിൽ ബെംഗളൂരു പൊലീസ് ഒളിച്ചുകളി തുടരുകയാണ്. കേരളത്തിലേക്ക് കടന്ന പ്രതിയെ ഇതുവരെ പൊലീസിന് പിടികൂടാൻ കഴിഞ്ഞിട്ടില്ല. പ്രതി എവിടെയാണെന്ന സൂചന പൊലീസിന് ലഭിച്ചിട്ടില്ല. പ്രതി കേരളത്തിലേക്ക് കടന്നുവെന്ന സൂചനയെ തുടർന്ന് രണ്ടംഗ സംഘം കേരളത്തിലേക്ക് തിരിച്ചിട്ടുണ്ട്.
പെൺകുട്ടിയെയും സുഹൃത്തുക്കളെയും ലഹരിക്കേസിൽ ഉൾപ്പെടെ അകപ്പെടുത്താനും ശ്രമം നടക്കുന്നുണ്ട്. പരാതിക്കാർ താമസിക്കുന്ന സ്ഥലത്ത് വെള്ളിയാഴ്ച വൈകിട്ടും പൊലീസ് മഫ്തിയിലും മറ്റും എത്തി മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ടിട്ടുണ്ടോ ആധാർ കാർഡുണ്ടോ എന്ന് അന്വേഷിച്ചു. എപ്പോൾ വേണമെങ്കിലും തങ്ങൾ അറസ്റ്റിലായേക്കാമെന്ന ആശങ്ക പെൺകുട്ടിക്കും സുഹൃത്തുക്കൾക്കുമുണ്ട്.


