ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ഗവർണറുടെ തീരുമാനം വൈകുന്നതിനെതിരെ മദ്രാസ് ഹൈക്കോടതി. പ്രതികളെ വിട്ടയക്കാനുള്ള തമിഴ്നാട് സർക്കാർ ശുപാർശയിൽ ഗവർണുടെ തീരുമാനം വൈകുന്നത് അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഭരണഘടനാപരമായ പദവിയുടെ വിശ്വാസം കണക്കിലെടുത്താണ് ഇത്തരം ശുപാർശയിൽ സമയപരിധി നിശ്ചയിക്കാത്തത്. ഗവർണറുടെ തീരുമാനം നീണ്ടുപോയാൽ ഇടപെടേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി.

മാനുഷികപരിഗണന കണക്കിലെടുത്ത് രാജീവ് ഗാന്ധി വധക്കേസിലെ പേരറിവാളൻ ഉൾപ്പടെ ഏഴ് പ്രതികളെയും മോചിപ്പിക്കാമെന്നായിരുന്നു തമിഴ്നാട് സർക്കാർ ശുപാർശ. പ്രതികളെ വിട്ടയക്കാനുള്ള തമിഴ്നാട് സർക്കാർ ശുപാർശയിൽ ഗവർണർ ബൻവാരിലാൽ പുരോഹിത് ഇതുവരെ തീരുമാനമെടുത്തിട്ടില്ല.  പ്രതികളുടെ മോചനകാര്യത്തിൽ ഗവർണർ സമയബന്ധിതമായി തീരുമാനം എടുക്കണമെന്ന് നിർദ്ദേശിച്ച ഹൈക്കോടതി ഇക്കാര്യം ഗവർണറുടെ ഓഫീസിനെ അറിയിക്കാൻ രജിസ്റ്റാർക്ക് നിർദേശം നൽകിയിട്ടുണ്ട്. 

അതേ സമയം രാജീവ്ഗാന്ധി വധക്കേസ് പ്രതി നളിനി വെല്ലൂര്‍ ജയിലില്‍ ഇന്നലെ ആത്മഹത്യക്ക് ശ്രമിച്ചു. ജയില്‍ മുറിയില്‍ സാരിയില്‍ കെട്ടിതൂങ്ങാനാണ് ശ്രമിച്ചത്. സഹതടവുകാരിയുമായി ഉണ്ടായ തര്‍ക്കമാണ് കാരണമെന്ന് ജയില്‍ അധികൃതര്‍ വിശദീകരിച്ചു. എന്നാല്‍ സംഭവത്തില്‍ സംശയമുണ്ടെന്നും നളിനിയുടെ ജീവന് ഭീഷണിയുണ്ടെന്നും നളിനിയുടെ അഭിഭാഷകന്‍ പുകഴേന്തി പറഞ്ഞു.  28 വര്‍ഷത്തിലധികമായി ജയില്‍ശിക്ഷ അനുഭവിക്കുന്ന നളിനി ഒരു തര്‍ക്കത്തിന്‍റെ പേരില്‍ ആത്മഹത്യക്ക് ശ്രമിക്കില്ലെന്ന് അഭിഭാഷകന്‍ പുകഴേന്തി ചൂണ്ടികാട്ടുന്നു. നളിനിയുടെ ജീവന് ഭീഷണിയുണ്ടെന്ന് ഭര്‍ത്താവ് മുരുകന്‍, തന്നെ ജയിലില്‍ നിന്ന് അറിയിച്ചതായും അഭിഭാഷകന്‍ വ്യക്തമാക്കി.