വെല്ലൂർ: തമിഴ്നാട്ടിലെ വെല്ലൂരിൽ ദലിത് യുവാവിന്‍റെ മൃതദേഹം പാലത്തിലൂടെ കെട്ടിയിറക്കി ശമ്ശാനത്തിൽ എത്തിച്ച സംഭവത്തിൽ സർക്കാരിനെതിരെ വിമർശനം ഉയർത്തി മദ്രാസ് ഹൈക്കോടതി. ദലിത് വിഭാഗത്തിന് ശമ്ശാനത്തിലേക്കുള്ള വഴി നിഷേധിച്ചത് അംഗീകരിക്കാൻ കഴിയാത്തതാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

സംഭവത്തിൽ സർക്കാരിനോട് കോടതി വിശദീകരണം തേടിയിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് വെല്ലൂരിലെ വാണിയംപാടിയിലാണ് സംഭവം നടന്നത്. സ്വകാര്യ വ്യക്തി വഴി നല്‍കാത്തതിനാല്‍  ‌ദലിത് വിഭാഗത്തില്‍പ്പെട്ട കുപ്പന്‍റെ മൃതദേഹം പാലത്തില്‍നിന്ന് കയറില്‍ തൂക്കി താഴെയിറക്കി സംസ്കരിക്കുകയായിരുന്നു.

സ്വകാര്യ വ്യക്തിയുടെ ഭൂമിയിലൂടെ മാത്രമേ ഇവരുടെ മൃതദേഹങ്ങള്‍ സംസ്കരിക്കുന്ന ശ്മശാനത്തിലേക്ക് പോകാന്‍ സാധിക്കൂ. എന്നാല്‍, ദലിതരുടെ മൃതദേഹം തന്‍റെ കൃഷിഭൂമിയിലൂടെ കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് ഉടമ തീര്‍ത്തുപറയുകയായിരുന്നു.

വീഡിയോ പ്രചരിച്ചതോടെയാണ് അധികൃതര്‍ സംഭവം അറിഞ്ഞത്. ഈ പ്രദേശത്ത് മുമ്പും ഇത്തരം സംഭവങ്ങളുണ്ടായിട്ടുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞിരുന്നു.