റാലികൾ നടത്തുന്നതിനുള്ള മാർഗരേഖയുടെ കരട് വിജയ്‌യുടെ ടിവികെ പാർട്ടിക്ക് നൽകാൻ മദ്രാസ് ഹൈക്കോടതി സർക്കാരിനോട് നിർദ്ദേശിച്ചു. സേലത്ത് നടത്താനിരുന്ന ടിവികെയുടെ പൊതുയോഗത്തിന് കാർത്തിക ദീപം പ്രമാണിച്ച് പൊലീസ് അനുമതി നിഷേധിച്ചതിനെ തുടർന്നാണ് ഇടപെടൽ
ചെന്നൈ : രാഷ്ട്രീയ റാലികൾ നടത്തുന്നതിനുള്ള നിർദ്ദേശങ്ങളടങ്ങിയ മാർഗരേഖയുടെ കരട് നടൻ വിജയുടെ പാർട്ടിയായ ടി വി കെയ്ക്കും നൽകണമെന്ന് മദ്രാസ് ഹൈക്കോടതി. സർക്കാരിന്റെ എതിർപ്പ് തള്ളിയാണ് ചീഫ് ജസ്റ്റിസിന്റെ നിർദ്ദേശം. ടി വി കെയുടെ ആദ്യ ഹർജിയിൽ മാർഗരേഖയുടെ പകർപ്പ് ആവശ്യപ്പെട്ടിരുന്നില്ലെന്നും ഓരോ ഘട്ടത്തിലും ടിവികെ ആവശ്യങ്ങൾ വിപുലീകരിക്കുകയാണെന്നും സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ മാർഗരേഖ നിലവിൽ വരും മുൻപേ തങ്ങൾക്ക് മുന്നിൽ പൊലീസ് നിബന്ധനകൾ വയ്ക്കുന്നതായി ടി വി കെ കോടതിയിൽ ചൂണ്ടിക്കാട്ടി. ഡിസംബർ നാലിന് നടത്താനിരുന്ന പൊതുയോഗത്തിന് പൊലീസ് അനുമതി നിഷേധിച്ചെന്ന് ടിവികെ ചൂണ്ടിക്കാട്ടിയപ്പോൾ, കാർത്തിക ദീപം ആയതിനാലാണ് തീരുമാനമെന്നായിരുന്നു സർക്കാർ മറുപടി. വെളിച്ചത്തിന്റെ ഉത്സവം അന്ധകാരത്തിന്റെ ഉത്സവം ആയി മാറ്റാൻ സർക്കാരിന് താല്പര്യമില്ലെന്നും ടിവികെ കുരൂർ റാലിയെ പരോക്ഷമായി സൂചിപ്പിച്ച് അഡീഷണൽ എജി ചൂണ്ടിക്കാട്ടി.
തമിഴകം വെട്രി കഴകം അധ്യക്ഷൻ വിജയ്‌യുടെ സേലത്ത പൊതുയോഗത്തിന് കോടതി അനുമതി നിഷേധിക്കുകയായിരുന്നു. ഡിസംബർ നാലിന് പൊതുയോഗം സംഘടിപ്പിക്കാൻ ടി വി കെ നൽകിയ അപേക്ഷ ജില്ലാ പൊലീസ് മേധാവി നിരസിച്ചു. കാർത്തിക ദീപം ആയതിനാൽ തിരുവണ്ണാമല ക്ഷേത്രത്തിലെ സുരക്ഷാ ജോലിക്ക് പൊലീസുകാരെ നിയോഗിക്കണമെന്നായിരുന്നു വിശദീകരണം. ബാബ്രി മസ്ജിദ് ദിനമായ ഡിസംബർ ആറിന് പൊതുയോഗം അനുവദിക്കില്ലെന്നും എസ്പി അറിയിച്ചു. എന്നാൽ, മറ്റൊരു ദിവസത്തേക്ക് അപേക്ഷ നൽകിയാൽ അനുകൂല തീരുമാനം ഉണ്ടാകുമെന്നും പൊലീസ് സൂചിപ്പിച്ചു. ഡിസംബർ രണ്ടാം വാരത്തേക്ക് പുതിയ അപേക്ഷ ടി വി കെ നൽകിയേക്കും. കരൂർ ദുരന്തത്തിന് ശേഷം ടിവികെയുടെ ആദ്യ യോഗം ആണ് സേലത്ത് നിശ്ചയിരുന്നത്.


