മദ്രസയിൽ പഠിപ്പിച്ചുവിട്ട പാഠഭാഗങ്ങൾ കൃത്യമായി പഠിച്ചില്ലെന്ന കാരണത്തിലാണ് അതിക്രൂരമായ ശിക്ഷ നൽകിയത്

നോയിഡ: ആറ് വയസുകാരിയെ അതിക്രൂരമായി മർദ്ദിച്ച മദ്രസ അദ്ധ്യപകൻ അറസ്റ്റിലായി. ഉത്തർപ്രദേശിലെ നോയിഡയിലാണ് സംഭവം. മൗലവി മുഹമ്മദ് നവാസാണ് അറസ്റ്റിലായത്.

നോയിഡ സെക്ടർ 115 ലെ ഒരു മദ്രസയിൽ കുട്ടികൾ മതപഠനം നൽകി വന്നത് ഇയാളായിരുന്നു. മദ്രസയിൽ പഠിപ്പിച്ചുവിട്ട പാഠഭാഗങ്ങൾ കൃത്യമായി ഓർക്കാതിരുന്നതിനാണ് ആറ് വയസ്സുകാരിക്ക് മർദ്ദനമേറ്റത്. അരയിൽ കെട്ടിയിരുന്ന ബെൽറ്റ് ഊരിയെടുത്ത് ആറ് വയസ്സുകാരിയെ പൊതിരെ തല്ലുകയായിരുന്നു.

നോയിഡ സെക്ടർ 49 ലെ പൊലീസ് സ്റ്റേഷനിൽ കുട്ടിയെ മർദ്ദിച്ചതിന് നവാസിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ സംഭവം വിവാദമായെന്ന് അറിഞ്ഞ ഉടനെ തന്നെ ഇയാൾ നാടുവിട്ടുപോയി. വെള്ളിയാഴ്ച അതീവ രഹസ്യമായി ഇയാൾ മദ്രസയിലെത്തി. എന്നാൽ ഈ വിവരം പൊലീസ് മനസിലാക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

കുട്ടിയുടെ പുറത്ത് മർദ്ദനമേറ്റ പാട് കണ്ട പിതാവാണ് പൊലീസിനെ അറിയിച്ചത്. മൗലവിക്കെതിരെ പരാതിയുമായി മദ്രസയിൽ ചെന്നപ്പോൾ തന്നെ പത്തോളം പേർ കൈയ്യിൽ വടികളുമായി ഭീഷണിപ്പെടുത്തിയെന്നും പിതാവ് പരാതിപ്പെട്ടിട്ടുണ്ട്. എന്നാൽ തനിക്ക് ഒരു കൈയ്യബദ്ധം പറ്റിയതാണെന്നും മാപ്പ് നൽകണമെന്നുമാണ് മൗലവി ഇപ്പോൾ ആവശ്യപ്പെടുന്നത്.

കുട്ടിയുടെ പിതാവ് കേസ് പിൻവലിക്കാൻ തയ്യാറായില്ല. പോക്സോ വകുപ്പുകൾ അടക്കം ചുമത്തി പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.