ആര്‍എസ്എസ് ഓഫീസിന് നല്‍കിയിരുന്ന സുരക്ഷ പിന്‍വലിച്ചത് ശരിയായില്ലെന്നും എത്രയും പെട്ടെന്ന് സുരക്ഷ വീണ്ടും നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിക്കണമെന്നും മുഖ്യമന്ത്രിയോട് അഭ്യര്‍ഥിക്കുന്നുവെന്ന് ദിഗ്‍വിജയ് സിംഗ്
ഭോപ്പാല്‍: ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ പ്രചാരണങ്ങള്‍ ചൂടുപിടിക്കുമ്പോള്‍ ആര്‍എസ്എസിന്‍റെ ഭോപ്പാല്‍ ഓഫീസിന് നല്‍കിയിരുന്ന സുരക്ഷ നിര്‍ത്തലാക്കി മധ്യപ്രദേശ് സര്‍ക്കാര്‍. ഇന്നലെ രാത്രിയിലെ സുപ്രധാന നീക്കങ്ങള്‍ക്ക് ഒടുവിലാണ് കമല്‍നാഥ് സര്‍ക്കാര്‍ ഇങ്ങനെയൊരു തീരുമാനമെടുത്തത്.
ഉത്തരവ് പുറത്ത് വന്ന് മണിക്കൂറുകള്‍ക്കകം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‍വിജയ് സിംഗ് സുരക്ഷ പിന്‍വലിച്ചതിനെ വിമര്‍ശിച്ച് രംഗത്ത് വന്നത് കോണ്‍ഗ്രസിന് തിരിച്ചടിയായിരിക്കുകയാണ്. ആര്‍എസ്എസ് ഓഫീസിന് നല്‍കിയിരുന്ന സുരക്ഷ പിന്‍വലിച്ചത് ശരിയായില്ലെന്നും എത്രയും പെട്ടെന്ന് സുരക്ഷ വീണ്ടും നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിക്കണമെന്നും മുഖ്യമന്ത്രിയോട് അഭ്യര്‍ഥിക്കുന്നുവെന്നും ദിഗ്‍വിജയ് സിംഗ് ട്വിറ്ററില്‍ കുറിച്ചു.
കമല്‍നാഥ് സര്‍ക്കാരിന്‍റെ തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് ഗോപാല്‍ ഭാര്‍ഗവും രംഗത്ത് വന്നു. കമല്‍നാഥ് സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് തീര്‍ത്തും അപലപനീയമായ കാര്യമാണ് ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതുകാരണം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ഒരു ചെറിയ പോറലെങ്കിലുമേറ്റാല്‍ അതിനുള്ള മറുപടി നല്‍കുമെന്നും ഗോപാല്‍ ഭാര്‍ഗവ് കൂട്ടിച്ചേര്‍ത്തു.
