ഏകദേശം 15 കിലോമീറ്റർ വരെ വ്യാപിച്ചുകിടക്കുന്ന സംഗമതീരത്ത് കോടിക്കണക്കിന് ഭക്തർ മുങ്ങിക്കുളിക്കുന്ന കണ്ണഞ്ചിപ്പിക്കുന്ന കാഴ്ച്ച ദൈവീകമാണ്.

മഹാ കുംഭമേള 2025: നമ്മുടെ രാജ്യത്തെ വളരെ പ്രധാനപ്പെ‌ട്ട തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് പ്രയാഗ്‌രാജ്. തീർത്ഥാടന കേന്ദ്രങ്ങളുടെ രാജാവ് എന്ന ബഹുമതിയോടെ തീർത്ഥരാജ് എന്നും ഇത് അറിയപ്പെടുന്നു. ഹിന്ദുമത വിശ്വാസ പ്രകാരം 12 വർഷത്തിലൊരിക്കൽ നടത്തി വരുന്ന കുംഭമേളയ്ക്ക് വലിയ പ്രാധാന്യമുണ്ട്. അതേ സമയം 144 വർഷത്തിലൊരിക്കൽ നടത്തി വരുന്ന ഉത്സവമാണ് മഹാകുംഭ മേള. ഇത്തവണ ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെ നീണ്ടുനിൽക്കുന്ന മഹാ കുംഭമേളയാണ് ആഘോഷിക്കുന്നത്. കോടിക്കണക്കിന് ഭക്തർ പങ്കെടുക്കുന്ന ഈ ഉത്സവത്തിൽ ലക്ഷക്കണക്കിന് സന്യാസിമാരും ഋഷിമാരുമുൾപ്പെടെ സംഗമത്തിൽ പങ്കു ചേരും. ഏകദേശം 15 കിലോമീറ്റർ വരെ വ്യാപിച്ചുകിടക്കുന്ന സംഗമതീരത്ത് കോടിക്കണക്കിന് ഭക്തർ മുങ്ങിക്കുളിക്കുന്ന കണ്ണഞ്ചിപ്പിക്കുന്ന കാഴ്ച്ച ദൈവീകമാണ്. ത്രിവേണി സംഗമ തീരത്ത് ഈ സമയത്ത് തീര്‍ത്ഥ സ്നാനം ചെയ്യുന്ന ആളുകള്‍ക്കൊപ്പം രൂപം മാറി ദേവന്മാരും ഇതില്‍ പങ്കെടുക്കാറുണ്ട് എന്നാണ് വിശ്വാസം. മഹാകുംഭമേളയില്‍ തൃവേണി സംഗമ സ്ഥാനത്ത് മുങ്ങിക്കുളിക്കുന്നതിന്റെ പ്രാധാന്യം നിരവധി മതഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുണ്ട്. മഹാകുംഭമേളയുടെ ചരിത്രസാക്ഷികളാകാൻ രാജ്യത്തുനിന്നും വിദേശത്തുനിന്നുമുള്ള നിരവധി ആളുകള്‍ ഇവിടെയെത്താറുണ്ട്. നാനാത്വത്തില്‍ ഏകത്വമെന്ന ആശയത്തെ അന്വര്‍ത്ഥമാക്കുന്ന ഇടം കൂടിയാണിത്. മഹാ കുംഭമേളയുമായി ബന്ധപ്പെട്ട വിശ്വാസങ്ങളും പാരമ്പര്യങ്ങളുമാണ് ഇതിനെ വേറിട്ട ഒരു അനുഭവമാക്കി മാറ്റുന്നത്. കുംഭമേളയുടെ ചരിത്രത്തെപ്പറ്റി ചില വിവരങ്ങള‍ നോക്കാം. 

ഏറെ വര്‍ഷം പഴക്കമുള്ളതാണ് കുംഭമേളയുടെ പാരമ്പര്യമെങ്കിലും ആദി ശങ്കരാചാര്യരാണ് കുംഭമേളയ്ക്ക് ഒരു വ്യവസ്ഥാപിത രൂപം നൽകിയതെന്നാണ് പണ്ഡിതർ അഭിപ്രായപ്പെടുന്നത്. നാല് തീർത്ഥസ്ഥലങ്ങളില്‍ നാല് പീഠങ്ങൾ സ്ഥാപിച്ചതുള്‍പ്പെടെ കുംഭമേളയിൽ സന്യാസിമാരുടെ പങ്കാളിത്തമുള്‍പ്പെടെ അദ്ദേഹം ഉറപ്പു വരുത്തി. ഇന്നും കുംഭമേളകളിൽ ശങ്കരാചാര്യ മഠവുമായി ബന്ധപ്പെട്ട സന്യാസിമാരും ശിഷ്യരും പങ്കെടുത്തു വരുന്നു. ശൈവപുരാണത്തിലെ ഇശ്വരസംഹിത, ആഗമതന്ത്രവുമായി ബന്ധപ്പെട്ട സാന്ദീപനി മുനി ചരിത്ര സ്തോത്രത്തിലും കുംഭമേളയെക്കുറിച്ച് പരാമർശമുണ്ട്.

12 വര്‍ഷത്തിലൊരിക്കൽ നടന്നു വരാറുള്ളത് കുംഭമേളയെന്നാണ് പണ്ഡിതര്‍ വിളിക്കാറുള്ളത്. എന്നാല്‍ 144 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്നത് മഹാ കുംഭമേളയാണ്. ഈ വര്‍ഷത്തേത് അത്തരത്തില്‍ മഹാകുംഭമേളയെന്നാണ് അറിയപ്പെടുന്നത്. ഈ വർഷത്തെ മഹാകുംഭമേള ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെ നടക്കുന്നത്. 

ഹിന്ദു മതഗ്രന്ഥങ്ങളിൽ കുംഭത്തെയും മഹാകുംഭത്തെയും പറ്റി വെവ്വേറെ വിവരണങ്ങള്‍ നല്‍കിയിട്ടുണ്ട്. കുംഭമേള ഓരോ 12 വർഷത്തിലും രാജ്യത്തെ 4 സ്ഥലങ്ങളിൽ നടത്തുന്നു. പ്രയാഗ്‌രാജ്, ഉജ്ജയിനി, നാസിക്, ഹരിദ്വാർ എന്നിവിടങ്ങളാണ് ഇതിനായി തെരഞ്ഞെടുത്തിട്ടുള്ളത്. അതേസമയം 144 വർഷത്തിലൊരിക്കൽ നടത്തുന്ന മഹാകുംഭമേള പ്രയാഗ്‌രാജിൽ മാത്രമാണുള്ളത്. 

എന്താണ് മഹാകുംഭമേള ?

ഏറ്റവും പ്രധാനമായ ആഘോഷമാണ് മഹാകുംഭമേള. ഇത് പ്രയാഗ് രാജില്‍ മാത്രമാണ് നടത്തുന്നത്. പ്രയാഗ്‌രാജിൽ ഓരോ 12 വർഷത്തിലും പൂർണ്ണ കുംഭമേള നടക്കുന്നു. 11 പൂർണ്ണ കുംഭമേളകള്‍ കഴിയുമ്പോൾ, 12-ാമത്തെ പൂർണ്ണ കുംഭമേളയെ മഹാകുംഭമേള എന്ന് വിളിക്കുന്നു. 144 വർഷത്തിലൊരിക്കൽ മാത്രമാണ് ഇത് സംഭവിയ്ക്കുന്നത്. 
ഇപ്പോൾ പ്രയാഗ്‌രാജിൽ നടക്കുന്ന മഹാകുംഭമേള 144 വർഷങ്ങൾക്ക് ശേഷമാണ് നടക്കുന്നത്.

എന്താണ് പൂർണ്ണ കുംഭം?

പൂർണ്ണ കുംഭം രാജ്യത്തെ 4 സ്ഥലങ്ങളിൽ നടക്കുന്നു. 

1. ഉജ്ജയിനി, 2. നാസിക്, 3. ഹരിദ്വാർ, 4. പ്രയാഗ്‌രാജ്. 
പൂർണ്ണ കുംഭം ഓരോ 12 വർഷത്തിലും നടക്കുന്നു. എപ്പോൾ, എവിടെ കുംഭമേള നടക്കുമെന്ന് ഗുരുവിന്റെയും സൂര്യന്റെയും സ്ഥാനത്തെ ആശ്രയിച്ചിരിക്കുന്നു, അതായത് ഈ ഗ്രഹങ്ങൾ പ്രത്യേക രാശികളിൽ ആയിരിക്കുമ്പോൾ മാത്രമേ പൂർണ്ണ കുംഭമേള നടക്കൂ.

കുംഭമേള- ഐതിഹ്യം

ഒരിക്കൽ ദേവന്മാരും അസുരന്മാരും അമൃത് ലഭിക്കാനായി പാലാഴി കടഞ്ഞു. ലക്ഷ്മി ദേവി, ഐരാവതം, അപ്സരസ്സ്, കൽപവൃക്ഷം, കാമധേനു പശു തുടങ്ങിയ പല അമൂല്യ വസ്തുക്കളും ഇങ്ങനെ ലഭിച്ചു. അവസാനം അമൃത് നിറച്ച പാത്രവുമായി ധന്വന്തരി പ്രത്യക്ഷപ്പെട്ടു. അമൃതകലശം പുറത്തുവന്നയുടൻ അത് ലഭിക്കാൻ ദേവന്മാരും അസുരന്മാരും തമ്മിൽ യുദ്ധം തുടങ്ങി. ഈ യുദ്ധം 12 ദിവസം തുടർച്ചയായി തുടർന്നു. ഈ യുദ്ധത്തിൽ ഭൂമിയിലെ 4 സ്ഥലങ്ങളിൽ (പ്രയാഗ്, ഹരിദ്വാർ, ഉജ്ജയിൻ, നാസിക്ക്) കലത്തിൽ നിന്ന് ഏതാനും തുള്ളി അമൃത് വീണുവെന്നാണ് വിശ്വാസം. ഭൂമിയിൽ അമൃത് തുള്ളികൾ വീണ അതേ 4 സ്ഥലങ്ങളിലാണ് കുംഭമേള നടക്കുന്നത്.

മഹാ കുംഭമേള രണ്ടാം ദിനം; അമൃത സ്നാനത്തിൽ പങ്കെടുക്കാൻ വൻ ജനത്തിരക്ക്, സന്യാസി സംഘങ്ങൾ എത്തിക്കൊണ്ടിരിക്കുന്നു

ഏ‌ഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം