ത്രിവേണി സംഗമത്തിൽ നടന്ന പ്രത്യേക പൂജകൾക്ക് ശേഷമാണ് പ്രധാനമന്ത്രി സ്നാനം നടത്തിയത്.

ദില്ലി: ദില്ലിയിൽ വോട്ടെടുപ്പ് തുടരുന്നതിനിടെ പ്രയാഗ് രാജിൽ മഹാകുംഭമേളയിൽ സ്നാനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിനൊപ്പം ​ഗം​ഗാതീരത്ത് മോദി പൂജയും നടത്തി. കുംഭമേളയിൽ പങ്കെടുക്കാനായത് അനു​ഗ്രഹമെന്ന് മോദി പറഞ്ഞു.

രാജ്യതലസ്ഥാനത്ത് പോളിം​ഗ് പുരോ​ഗമിക്കവേ രാവിലെ 11 മണിക്കാണ് സം​ഗം ഘാട്ടിലെത്തി ത്രിവേണി സം​ഗമത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സ്നാനം നടത്തിയത്. പിന്നീട് പ്രത്യേക പൂജയിലും മോദി പങ്കെടുത്തു. കഴിഞ്ഞ മാസം 13 ന് തുടങ്ങിയ മഹാ കുംഭമേളയിൽ ആദ്യമായാണ് മോദി പങ്കെടുക്കുന്നത്. രാവിലെ പ്രയാ​ഗ് രാജ് വിമാനത്താവളത്തിലെത്തിയ മോദി സൈനിക ഹെലികോപ്റ്ററിലാണ് കുംഭമേള ന​ഗരിയിലെത്തിയത്. തിരക്ക് ഒഴിവാക്കാൻ യോ​ഗി ആദിത്യനാഥിനൊപ്പം ബോട്ടിൽ പ്രത്യേക വഴിയിലൂടെയാണ് സം​ഗം ഘാട്ടിലെത്തിയത്. കുംഭമേളയിൽ പങ്കെടുക്കാനെത്തിയവരെ അഭിവാദ്യം ചെയ്തുകൊണ്ടായിരുന്നു യാത്ര. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് പ്രയാ​ഗ് രാജിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 

Scroll to load tweet…

ദില്ലി തെരഞ്ഞെടുപ്പിലുടനീളം കുംഭമേള നടത്തിപ്പ് ബിജെപി പ്രചാരണായുധമാക്കിയിരുന്നു. എന്നാൽ തിക്കിലും തിരക്കിലും പെട്ട് 30 പേർ മരിച്ച ദുരന്തം തിരിച്ചടിയായി. പ്രതിപക്ഷം പാർലമെന്റിലടക്കം ഇത് ഉന്നയിച്ചു. പിന്നാലെ വിശ്വാസികളുടെ വോട്ടുറപ്പിക്കാൻ കൂടിയാണ് പോളിം​ഗ് ദിനത്തിൽ പ്രധാനമന്ത്രിയുടെ സ്നാനം. കേന്ദ്രമന്ത്രി അമിത്ഷായും, ഉപരാഷ്ട്രപതിയും, വിവിധ കേന്ദ്രമന്ത്രിമാരും നേരത്തെ സ്നാനം നടത്തിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാന പോളിം​ഗ് ദിനത്തിൽ കന്യാകുമാരിയിൽ മോദി ധ്യാനം തുടങ്ങിയതും വലിയ ചർച്ചയായിരുന്നു. ദുരന്തം നടന്ന ദിവസമായിരുന്നു മോദി കുംഭമേളയ്ക്ക് പോകേണ്ടിയിരുന്നതെന്ന് പ്രതിപക്ഷം വിമർശിച്ചു.