മുംബൈ: മഹാരാഷ്ട്രയിൽ കനത്ത മഴയെ തുടർന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ട്രാക്കിൽ വെള്ളം കയറിയതിനെ തുടർന്ന് കുടുങ്ങിയ മഹാലക്ഷ്മി എക്സ്പ്രസിലെ യാത്രക്കാരെ ഹെലികോപ്റ്ററിലൂടെ രക്ഷപ്പെടുത്താനുള്ള ശ്രമം വ്യോമസേന തുടരുകയാണ്. ഇതുവരെ നൂറ്റിപതിനേഴ‍് പേരെ രക്ഷപ്പെടുത്താൻ കഴി‌‍ഞ്ഞതായി ദേശീയ ദുരന്തനിവാരണ സേന അറിയിച്ചു.

കോലാപൂരിൽ നിന്നും മുംബൈയിലേക്ക് പോവുകയായിരുന്ന മഹാലക്ഷ്മി എക്സ്പ്രസാണ് ബദലാപുരിന് സമീപം വങ്കാനി ഗ്രാമത്തിൽ ട്രാക്കിൽ വെള്ളം കയറിയതിനെ തുടർന്ന് കുടുങ്ങിയത്. ട്രെയിനിലുള്ള എഴുനൂറോളം പേരെ ബോട്ടുകളിലും ഹെലികോപ്റ്ററുകളിലുമായി രക്ഷിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ദേശീയ ദുരന്തനിവാരണസേനയും സൈന്യവും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

മുംബൈയുടെ താഴ്ന്ന പ്രദേശങ്ങളായ സയൺ, കുർള ,ദാദർ എന്നിവടങ്ങളിലെല്ലാം വെള്ളക്കെട്ട് രൂക്ഷമാണ്. സെൻട്രൽ, ഹാർബർ ലൈനുകളിലൂടെയുള്ള ലോക്കൽ ട്രെയിൻ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. വിമാന സർവ്വീസുകൾ വൈകി. മുംബൈ, താനെ, റായിഗഡ് ജില്ലകൾ ഓറഞ്ച് അലർട്ടിലാണ്. മുംബൈയിൽ രണ്ടു ദിവസം കനത്ത മഴ തുടരുമെന്നും കൊങ്കൺ മേഖലയിൽ ജൂലൈ അവസാനം വരെ മഴയുണ്ടാകുമെന്നുമാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻറെ പ്രവചനം.