മുംബൈ: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാനുള്ള അജിത് പവാറിന്റെ നീക്കത്തിന് കനത്ത തിരിച്ചടി. ബിജെപി പാളയത്തിലേക്ക് അജിത് പവാർ കൂട്ടിയ ഏഴ് വിമത എംഎൽഎമാർ കൂടി തിരികെ എൻസിപി പാളയത്തിലെത്തി. വൈകീട്ട് നടന്ന നിയമസഭ അംഗങ്ങളുടെ യോഗത്തിൽ ഇവർ പങ്കെടുത്തു.

അതേസമയം മഹാരാഷ്ട്രയിൽ ബിജെപി സർക്കാർ രൂപീകരിച്ചത് ചോദ്യം ചെയ്ത് മൂന്ന് കക്ഷികളും സുപ്രീം കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചു. ശിവസേന, കോൺഗ്രസ്, എൻസിപി കക്ഷികളാണ് സുപ്രീം കോടതിയിൽ സംയുക്ത ഹർജി സമർപ്പിച്ചിരിക്കുന്നത്. ഇന്ന് തന്നെ വാദം കേൾക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജിയിൽ നിയമസഭാ സമ്മേളനം ഉടൻ വിളിച്ചുചേർക്കണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ആകെ 54 എംഎൽഎമാരാണ് എൻസിപിക്കുള്ളത്. ഇവരിൽ 35 എംഎൽഎമാർ തങ്ങളുടെ പക്ഷത്തുണ്ടെന്നായിരുന്നു അജിത് പവാറിന്റെ വാദം. എന്നാൽ ഇന്ന് വൈകിട്ട് നടന്ന എൻസിപി യോഗത്തിൽ 42 എംഎൽഎമാർ പങ്കെടുത്തു. അതേസമയം വിമത എൻസിപി എംഎൽഎമാരെ ദില്ലിയിലേക്ക് മാറ്റാനാണ് ബിജെപി നീക്കം. ശിവസേനയിൽ നിന്നുള്ള വിമതരെയും ദില്ലിയിലേക്ക് മാറ്റും.

ബിജെപിയുടെ നീക്കങ്ങളെ ഏത് വിധേനെയും തടയാനാണ് എതിർ വിഭാഗത്തിന്റെ ശ്രമം. തങ്ങളുടെ െഎംഎൽഎമാരെ ബിജെപിക്ക് അനായാസം ബന്ധപ്പെടാനാവുന്ന സാഹചര്യം ഇല്ലാതാക്കാൻ ശ്രമിക്കുന്നുണ്ട്. മൂന്ന് പാർട്ടികളും തങ്ങളുടെ എംഎൽഎമാരെ മധ്യപ്രദേശിലേക്ക് മാറ്റുമെന്നാണ് വിവരം.

ബിജെപിയുടെ അപ്രതീക്ഷിത നീക്കത്തിൽ ഒരുപോലെ ഞെട്ടിയിരിക്കുകയാണ് കോൺഗ്രസും ശിവസേനയും എൻസിപിയും. മുഖ്യമന്ത്രി ആരാവണമെന്ന് വരെ  തീരുമാനിച്ച് സഖ്യവുമായി മുന്നോട്ട് പോവുന്നതിനിടെയാണ് അജിത് പവാർ ബിജെപി പക്ഷത്തേക്ക് ചാടിയത്. നേരം ഇരുട്ടിവെളുത്തപ്പോൾ അജിത് പവാറിനെയും ഒപ്പം കൂട്ടി ബിജെപി സർക്കാരുണ്ടാക്കി. ആ ഘട്ടത്തിൽ എല്ലാവരും സംശയിച്ചത് ശരദ് പവാറിനെയാണെങ്കിലും ഇപ്പോൾ ബിജെപിയുടെ നീക്കങ്ങളെ ചെറുക്കാൻ ശക്തമായ കരുനീക്കങ്ങളുമായി പ്രതിപക്ഷ നിരയിൽ മുന്നിൽ തന്നെയുണ്ട് ശരത് പവാർ.

ഒന്നും അറിഞ്ഞില്ലെന്നായിരുന്നു പവാറിന്‍റെ ആദ്യ പ്രതികരണം. അജിത്തിന്‍റേത് വ്യക്തിപരമായ തീരുമാനമാണെന്നും പിന്തുണയ്ക്കില്ലെന്നും പവാർ ട്വീറ്റ് ചെയ്തു. പിന്നാലെ ഉദ്ദവ് താക്കറെയെ ഫോണിൽ വിളിച്ച പവാർ, തന്‍റെ ഭാഗം വിശദീകരിച്ചു.കോൺഗ്രസ് - സേനാ നേതാക്കളെ ഒപ്പം കൂട്ടി വാർത്താ സമ്മേളനവും നടത്തി. സഖ്യത്തിൽ ഉറച്ച് നിൽക്കുമെന്നും സർക്കാരുണ്ടാക്കുമെന്നും പ്രഖ്യാപിച്ചു.

കുടുംബവും പാർട്ടിയും പിളർന്നെന്നായിരുന്നു എൻസിപി നേതാവ് സുപ്രിയാ സുലേയടെ ആദ്യ പ്രതികരണം. ആരെയും വിശ്വസിക്കാനാവില്ലെന്നും സുപ്രിയ പറഞ്ഞു. ശിവസേനയുമായി ചേരുന്നതില്‍ അജിത്ത് പവാറിന് നേരത്തെ അതൃപ്തിയുണ്ടായിരുന്നു. ഇതോടൊപ്പം സുപ്രിയ സുലെ മുന്‍കൈയ്യെടുത്ത് നടത്തിയ സഖ്യരൂപീകരണവും സര്‍ക്കാര്‍ രൂപീകരണവും അജിത്തിനെ അസ്വസ്ഥനാക്കി. 

ശരത് പവാറിന്‍റെ പിന്‍ഗാമിയായി പാര്‍ട്ടിയിലെ രണ്ടാമനായി വിശേഷിപ്പിക്കപ്പെടുന്ന അജിത്ത് പവാറിന് സുപ്രിയ സുലെയുടെ വര്‍ധിക്കുന്ന സ്വാധീനം അംഗീകരിക്കാനാവുമായിരുന്നില്ല. അജിത്ത് പവാറിന്‍റെ ഈ മനമാറ്റം തിരിച്ചറിഞ്ഞ് ബിജെപി നടത്തിയ നീക്കമാണ് മഹാരാഷ്ട്രയില്‍ പ്രതിസന്ധി സൃഷ്ടിച്ചത്. 

ദൃശ്യമാധ്യമങ്ങളിൽ വാർത്ത വന്നപ്പോള്‍ മാത്രമാണ് മഹാരാഷ്ട്രയിലുണ്ടായിരുന്നു കോൺഗ്രസ് ദേശീയ നേതാക്കൾ പോലും ഈ അട്ടിമറി അറിഞ്ഞത്. പുറകിൽ നിന്ന് കുത്തിയെന്ന് കോൺഗ്രസിന്‍റെ ദേശീയ നേതാക്കൾ ആരോപിക്കുന്നു. കേന്ദ്രന്ത്രിസ്ഥാനം വരെ രാജിവച്ച് സഖ്യത്തിനായി വിട്ട് വീഴ്ചകൾ ഏറെ ചെയ്ത ശിവസേനയ്ക്കാണ് സത്യത്തില്‍ വലിയ നഷ്ടം സംഭവിച്ചത്. കൊടിയ വഞ്ചനയാണ് ഇതെന്നാണ് സഞ്ജയ് റാവത്ത് പറഞ്ഞത്. 

സർക്കാരുണ്ടാക്കുക എന്ന ലക്ഷ്യത്തിൽ രൂപം കൊണ്ടതാണ് മഹാവികസൻ അഖാഡി. ബിജെപിയുടെ അപ്രതീക്ഷിത നീക്കത്തിൽ അങ്കലാപ്പുണ്ടായെങ്കിലും സഖ്യം ഉപേക്ഷിക്കില്ലെന്ന് മൂന്ന് പാർട്ടികളും ഇപ്പോള്‍ ഉറപ്പിച്ച് പറയുന്നു. എന്തായാലും നിയമസഭയിലേക്കും സുപ്രീംകോടതിയിലേക്കുമായി മഹരാഷ്ട്രനാടകം നീളുമെന്ന് ഉറപ്പായി.