മുംബൈ: മഹാരാഷ്ട്രയിലെ ശിവസേന-എൻസിപി-കോൺഗ്രസ് സഖ്യസർക്കാര്‍ പ്രഖ്യാപനം ഇന്ന് അല്‍പ്പസമയത്തിനകം. അന്തിമ തീരുമാനം എടുക്കാനായി മൂന്നു പാർട്ടികളുടേയും മുതിര്‍ന്ന നേതാക്കളുടെ നേതൃത്വത്തില്‍ മുംബൈയില്‍ നടക്കുന്ന യോഗം പുരോഗമിക്കുകയാണ്. ശരദ് പവാര്‍, ഉദ്ധവ് താക്കറെ, അഹമ്മദ് പട്ടേല്‍ തുടങ്ങിയ നേതാക്കള്‍ നിര്‍ണായക യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. മഹാവികാസ് അഖാ‍ഡി എന്ന പേരില്‍ സഖ്യമുണ്ടാകുമെന്ന് ഇന്നലെ തന്നെ ദില്ലിയില്‍ ധാരണയായിട്ടുണ്ട്.

അല്‍പ്പസമയത്തിനുള്ളില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. ആഭ്യന്തര വകുപ്പ് എന്‍സിപി ആവശ്യപ്പെട്ടതായാണ് വിവരം. കോൺഗ്രസിന്റെ നിയമസഭാകക്ഷി നേതാവായി പൃഥ്വിരാജ് ചവാനെ തെരഞ്ഞെടുത്തേക്കുമെന്നാണ് സൂചന. സർക്കാരിനെ ശിവസേന നയിക്കുമെന്ന് ഉറപ്പായിരിക്കെ മുഖ്യമന്ത്രിയാകാൻ താൽപര്യമില്ലെന്ന് ഉദ്ധവ് താക്കറെ നിലപാടെടുത്തിട്ടുണ്ട്. 

എംഎൽഎമാർ ഏകകണ്ഠമായി ആവശ്യപ്പെട്ടെങ്കിലും ഉദ്ധവ് വഴങ്ങിയിട്ടില്ല. എന്നാൽ ഉദ്ധവല്ലാതെ മറ്റാരെയും അംഗീകരിക്കാൻ എൻസിപിയും കോൺഗ്രസും തയ്യാറല്ല. അതോടൊപ്പം മന്ത്രി സ്ഥാനങ്ങളും വകുപ്പുകളും നിര്‍ണയിക്കുന്നതിലും ഇപ്പോഴും അവ്യക്തത നിലനില്‍ക്കുന്നുണ്ട്. ഇതും ഇന്ന് നടക്കുന്ന  യോഗത്തോടെ തീരുമാനമായേക്കും. 

ഇതിനിടെ കുതിരക്കച്ചവടം പേടിച്ച് സേനാ എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റിയെന്ന വിവരങ്ങളുമുണ്ട്. അവസാനഘട്ടത്തിലെ കൂറമാറ്റം തടയാനാണിതെന്നാണ് വിവരം. ഡിസംബർ ഒന്നിനകം സത്യപ്രതിജ്ഞയെന്ന് സേനാ നേതാവ് സഞ്ജയ് റാവത്ത് വ്യക്തമാക്കിയിരുന്നു. മാസങ്ങള്‍ നീണ്ടു നിന്ന അനിശ്ചിതത്വത്തിന് ഇന്നത്തോടെ അവസാനമായേക്കുമെന്ന പ്രതീക്ഷയിലാണ് രാഷ്ട്രീയ നിരാക്ഷകരടക്കം.