മുംബൈ: സര്‍ക്കാര്‍ ജീവനക്കാരുടെയും ജനപ്രതിനിധികളുടെയും മാസശമ്പളം വെട്ടിക്കുറച്ച് മഹാരാഷ്ട്ര. മുഖ്യമന്ത്രിയുടേത് ഉള്‍പ്പെടെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ 60 ശതമാനം വെട്ടിക്കുറയ്ക്കാനാണ് തീരുമാനം. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായാണിത്. 

മുഖ്യമന്ത്രി, മന്ത്രിമാര്‍, എംഎല്‍എമാര്‍, എഎല്‍സിമാര്‍, പ്രാദേശിക ജനപ്രതിനിധികള്‍ ഉള്‍പ്പെടെ ഉള്ളവരുടെ ശമ്പളത്തില്‍ 60 ശതമാനം കുറയ്ക്കും. ക്ലാസ് ഒന്ന്, രണ്ട് വിഭാഗത്തില്‍പ്പെടുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ മാര്‍ച്ച് മാസത്തെ ശമ്പളത്തില്‍ നിന്ന് 50 ശതമാനം വെട്ടിച്ചുരുക്കും. ക്ലാസ് മൂന്ന് വിഭാഗക്കാരുടെ 25 ശതമാനം ശമ്പളമാണ് കുറയ്ക്കുക. ഇതിന് താഴേക്കുള്ള ജീവനക്കാരുടെ ശമ്പളത്തില്‍ മാറ്റമുണ്ടാകില്ല. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായും വിവിധ യൂണിയനുകളുമായും ആലോചിച്ച ശേഷമാണ് തീരുമാനമെടുത്തതെന്ന് ഉപമുഖ്യമന്ത്രിയും ധനകാര്യമന്ത്രിയുമായ അജിത് പവാര്‍ പറഞ്ഞു. 

ശമ്പളത്തില്‍ 10 ശതമാനം മുതല്‍ 75 ശതമാനം വരെയാണ് വെട്ടിക്കുറയ്ക്കാന്‍ തെലങ്കാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങൾ, സർക്കാർ ​ഗ്രാന്റുകൾ ലഭിക്കുന്ന സ്ഥാപനങ്ങൾ, സർക്കാർ ജീവനക്കാർ, രാഷ്ട്രീയ പ്രതിനിധികൾ എന്നിവരുടെയെല്ലാം ശമ്പളം വെട്ടിക്കുറയ്ക്കും. വിരമിച്ചവര്‍ക്കും കുറവ് ബാധകമാണ്. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക