Asianet News MalayalamAsianet News Malayalam

മഹാരാഷ്ട്ര: ആശയക്കുഴപ്പം സൃഷ്ടിച്ച് അജിത് പവാറിന്റെ ട്വീറ്റുകൾ; ശരദ് പവാറിനെ ഒപ്പമെത്തിക്കാൻ ബിജെപി

  • "ഞാൻ എൻസിപിയിലാണ്, എന്നും എൻസിപിയിൽ ആയിരിക്കും. കൂടാതെ ശരദ് പവാര്‍ സാഹേബ് ആണ് ഞങ്ങളുടെ നേതാവ്." 
  • "ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും ഇല്ല, എല്ലാം നന്നായിരിക്കുന്നു. എന്നിരുന്നാലും സമാധാനം വേണം. എല്ലാവരുടെയും പിന്തുണക്ക് നന്ദി."
Maharashtra BJP tries to bring Sharad Pawar to form Government Ajith Pawar tweets
Author
Mumbai, First Published Nov 24, 2019, 5:23 PM IST

മുംബൈ: മഹാരാഷ്ട്രയിൽ സുപ്രീം കോടതി ഇടപെടൽ എന്തായിരിക്കുമെന്ന കാത്തിരിപ്പിന്റെ മണിക്കൂറുകളാണ് ഇനി. അതേസമയം അണിയറയിൽ സര്‍ക്കാര്‍ രൂപീകരണ നീക്കങ്ങള്‍ സജീവവുമാണ്. വിമത എംഎൽഎമാര്‍ ഒന്നൊന്നായി എൻസിപി ക്യാംപിലേക്ക് എത്തിയിരിക്കുന്നു. ഈ ഘട്ടത്തിൽ അജിത് പവാറിന്റെ ട്വീറ്റ് വലിയ അങ്കലാപ്പാണ് സൃഷ്ടിച്ചിരിക്കുന്നത്.

"ഞാൻ എൻസിപിയിലാണ്, എന്നും എൻസിപിയിൽ ആയിരിക്കും. കൂടാതെ ശരദ് പവാര്‍ സാഹേബ് ആണ് ഞങ്ങളുടെ നേതാവ്"

"ഞങ്ങളുടെ ബിജെപി-എൻസിപി സഖ്യം മഹാരാഷ്ട്രയിൽ അടുത്ത അഞ്ച് വ‍ര്‍ഷം സുസ്ഥിരമായ സര്‍ക്കാരിന് രൂപം നൽകും. അത് സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും ക്ഷേമത്തിന് വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കും," എന്നാണ് അദ്ദേഹത്തിന്റെ ഏറ്റവും ഒടുവിലത്തെ ട്വീറ്റുകളിലൊന്ന്.

ഇതോടൊപ്പമുള്ള മറ്റൊരു ട്വീറ്റ് ഇങ്ങനെ, "ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും ഇല്ല, എല്ലാം നന്നായിരിക്കുന്നു. എന്നിരുന്നാലും സമാധാനം വേണം. എല്ലാവരുടെയും പിന്തുണക്ക് നന്ദി." 

അജിത് പവാറിനെ തിരികെയെത്തിക്കാനുള്ള എൻസിപിയുടെ ശ്രമങ്ങൾ പാളിയെന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്. മറുവശത്ത് ഭൂരിപക്ഷം ഉറപ്പിക്കാൻ ശരദ് പവാറിനെ തന്നെ പാളയത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ ബിജെപി.

എൻസിപി നേതൃത്വത്തിന്‍റെ കണക്ക് പ്രകാരം അഞ്ച് എംഎൽഎമാർ മാത്രമാണ് അജിത് പവാറിനൊപ്പമുള്ളത്. അതിൽ മൂന്ന് പേരും ഉടൻ തിരികെയെത്തുമെന്ന് എൻസിപി വക്താവ് നവാബ് മാലിക് പറയുന്നു. സമ്മർദ്ദത്തിലായ അജിത് പവാറിനെ തിരികെയെത്തിക്കാൻ രാവിലെ മുതൽ പവാർ ശ്രമം തുടങ്ങിയിരുന്നു.  എംഎൽഎ ദിലീപ് വൽസേ പാട്ടീൽ അജിത് പവാറിനെ വസതിയിലെത്തി കണ്ടു. പുതിയ നിയമസഭാ കക്ഷി നേതാവ് ജയന്ത് പാട്ടീൽ ഉച്ചയോടെ ഫോണിൽ വിളിച്ച് തിരികെയെത്താൻ ആവശ്യപ്പെട്ടു. വഴങ്ങിയില്ലെന്ന് മാത്രമല്ല പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് അജിത് പവാർ ട്വീറ്റ് ചെയ്തു.

ട്വിറ്ററിൽ മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രിയെന്ന് രേഖപ്പെടുത്തുകയും ചെയ്തു. അതേസമയം പവായിലെ റിനൈസൻസ് ഹോട്ടലിൽ താമസിപ്പിച്ചിട്ടുള്ള എൻസിപി എംഎൽഎമാരെ കാണാൻ പവാറും ഉദ്ദവ് താക്കറെയും  ഇന്ന് ഒരുമിച്ചെത്തി . ആദിത്യാ താക്കറെയെക്കൊപ്പമുള്ള ഫോട്ടോ ട്വീറ്ററിൽ പങ്കുവച്ച് സുപ്രിയാ സുലേ ബന്ധവം ശക്തമാണെന്ന സൂചന നൽകി. കോൺഗ്രസ് എംഎൽഎമാരെ ഇന്ന് രാവിലെ അന്ധേരിയിലെ മാരിയറ്റ് ഹോട്ടലിലേക്കും മാറ്റിയിരുന്നു.

എൻസിപി സേനാ കോൺഗ്രസ് സഖ്യം ദൃഢമാവുന്നതും അജിത് പവാറിന്‍റെ കരുത്ത് കുറഞ്ഞതും ബിജെപി ക്യാമ്പിനെ ആശങ്കയിലാക്കിയിട്ടുണ്ട്. കൂടുതൽ മന്ത്രിസ്ഥാനങ്ങളടക്കം വാഗ്ദാനം ചെയ്ത് ബിജെപിയുടെ  രാജ്യസഭാ  എംപി സഞ്ജയ് കാക്ഡേ ശരദ് പവാറിന്‍റെ വസതിയിലെത്തി. എന്നാൽ പവാർ വഴങ്ങിയില്ല.ബിജെപി നേതാക്കൾ പവാറിനെ തേടിയെത്തിയതറിഞ്ഞ് കോൺഗ്രസ് നേതാവ് അശോക് ചവാൻ പിന്നാലെ ഓടിയെത്തി. വാദ്ഗാനങ്ങളെല്ലാം തള്ളിയെന്ന് പവാർ വിശദീകരിച്ചു.

അജിത് പവാറിനെ നിയമസഭാ കക്ഷി നേതൃസ്ഥാനത്ത് നിന്ന് മാറ്റിയെന്നും വിപ്പ് നൽകാൻ ഇനി അധികാരമില്ലെന്നും കാണിച്ച് എൻസിപി രാജ്ഭവനിൽ ഇന്ന് കത്ത് നൽകി.വിശ്വാസവോട്ടെടുപ്പിൽ ജയിച്ച് കയറാമെന്ന വലിയ ആത്മവിശ്വാസത്തിലാണ് കോൺഗ്രസ് എൻസിപി ശിവസേന പാർട്ടികൾ.
 

Follow Us:
Download App:
  • android
  • ios