Asianet News MalayalamAsianet News Malayalam

മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് വധഭീഷണി; ഗൂഢാലോചന പിഎഫ്ഐ നിരോധനത്തിന് പിന്നാലെ, ഭയമില്ലെന്ന് ഷിൻഡെ

പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് പിന്നാലെയാണ് ശിവസേനാ നേതാവ് കൂടിയായ ഷിൻഡെയെ വധിക്കാൻ ചിലർ പദ്ധതിയിടുന്നതായാണ്  മുന്നറിയിപ്പ്

Maharashtra Chief Minister security tightened after threat following PFI ban
Author
First Published Oct 3, 2022, 10:47 AM IST

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡേയ്ക്ക് വധഭീഷണി. ഇതോടെ ഇദ്ദേഹത്തിന്റെ പൊലീസ് സുരക്ഷ വർധിപ്പിച്ചു. മുഖ്യമന്ത്രിക്ക് വധഭീഷണിയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗമാണ് മഹാരാഷ്ട്രയിലെ ആഭ്യന്തര വകുപ്പിന് വിവരം കൈമാറിയത്.

പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് പിന്നാലെയാണ് ശിവസേനാ നേതാവ് കൂടിയായ ഷിൻഡെയെ വധിക്കാൻ ചിലർ പദ്ധതിയിടുന്നതായാണ്  മുന്നറിയിപ്പ്. മുഖ്യമന്ത്രിയുടെ മുംബൈയിലെ ഔദ്യോഗിക വസതിക്കും താനെയിലെ സ്വകാര്യ വസതിക്കും സുരക്ഷ ശക്തമാക്കി. രാജ്യത്ത് Z കാറ്റഗറി സുരക്ഷയുള്ള നേതാക്കളിൽ ഒരാളാണ് ഷിൻഡെ.  അതേസമയം തനിക്ക് ആരെയും ഭയമില്ലെന്നും രാഷ്ട്രീയ ജീവിതം മുന്നോട്ടു കൊണ്ടു പോകുമെന്നും ഷിൻഡെ പ്രതികരിച്ചു.

പോപ്പുലർ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും നിരോധിച്ചതിന് പിന്നാലെ കേരളത്തിലെ 5 ആർഎസ്എസ് നേതാക്കൾക്ക് വൈ കാറ്റഗറി സുരക്ഷ നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേതായിരുന്നു നടപടി. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വീട്ടിൽ നിന്നും നേരത്തെ പിടിച്ചെടുത്ത ഹിറ്റ് ലിസ്റ്റിൽ പേരുള്ളവരാണ് ഈ അഞ്ച് പേരും. സംഘടനയെ നിരോധിച്ച പശ്ചാത്തലത്തിൽ ഇവർക്കെതിരായ ഭീഷണി കൂടി കണക്കിലെടുത്താണ് നടപടി. 11 അംഗ അർദ്ധ സൈനിക വിഭാഗത്തിന്റെ സായുധ സുരക്ഷയാണ് വൈ കാറ്റഗറിയിൽ നൽകുന്നത്.

രാജ്യവ്യാപകമായി എന്‍ഐഎ അടക്കം രണ്ട് തവണ നടത്തിയ റെയ്ഡിനും അറസ്റ്റിനും ഒടുവിലാണ് പോപ്പുല‌ർ ഫ്രണ്ടിനെ നിരോധിച്ചത്. പോപ്പുലർ ഫ്രണ്ടിന്‍റെ വനിത വിദ്യാര്‍ത്ഥി വിഭാഗങ്ങള്‍ ഉള്‍പ്പെടെ എട്ട് സംഘടനകളും അഞ്ച് വർഷത്തേക്ക് നിരോധിക്കപ്പെട്ടു. ആഗോള ഭീകര സംഘടനയായ ഐഎസുമായി സംഘടനക്ക് ബന്ധമുണ്ടെന്ന് പലതവണ കണ്ടെത്തിയതായി ആഭ്യന്തരമന്ത്രാലയം നിരോധന വിജ്ഞാപനത്തില്‍ വ്യക്തമാക്കി. പോപ്പുലർ ഫ്രണ്ടിലുണ്ടായിരുന്നവർ സിറിയയിലും ഇറാക്കിലും അഫ്ഗാനിസ്ഥാനിലുമുളള ഭീകരസംഘടനകളിലും ചേർന്ന് പ്രവർത്തിച്ചു.

കേരളത്തിലെ സ‌‌ഞ്ജിന്‍റേതും അഭിമന്യുവിന്‍റയും  ബിബിന്‍റെയും അടക്കമുളള കൊലപാതകങ്ങളും കർണാടകയിലെ യുവമോ‍ർച്ച പ്രവർത്തകൻ പ്രവീണ്‍ നെട്ടാരുവിന്‍റെ ഉള്‍പ്പെടെ  കൊലപാതകങ്ങളും നടത്തിയത് പിഎഫ്ഐ ആണ്. പ്രൊഫസർ‍ ടി ജെ ജോസഫിന്‍റെ കൈ വെട്ടിയ സംഭവത്തിന് പിന്നിലും പിഫ്ഐ ആയിരുന്നുവെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. ഇന്ത്യക്ക് അകത്ത് നിന്നും വിദേശത്ത് നിന്നും  ഭീകരപ്രവര്‍ത്തനത്തനം നടത്താൻ സംഘടന ഹവാല പണം എത്തിച്ചു. 

നിരോധിക്കപ്പെട്ട സംഘടനയായ സിമിയിലുണ്ടായിരുന്നവരാണ് പിന്നീട് പിഎഫ്ഐ സ്ഥാപിച്ചതെന്നും നിരോധിക്കപ്പെട്ട ജമാത്ത് ഉല്‍ മുജാഹിദീൻ ബംഗ്ലാദേശുമായി സംഘടനക്ക് ബന്ധമുണ്ടെന്നും കേന്ദ്രം പറഞ്ഞു. പോപ്പുലർ ഫ്രണ്ടിന്‍റ പ്രവർ‍ത്തനം തുടരുന്നത് രാജ്യത്തിന്‍റെ അഖണ്ഡതയെ ബാധിക്കുമെന്നും ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നും  സംഘടനയെ നിരോധിച്ചുകൊണ്ട് കേന്ദ്രം വ്യക്തമാക്കി. യുഎപിഎ ആക്ട് 1967 സെക്ഷൻ മൂന്ന് പ്രകാരമാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. അടിയന്തര നിരോധനമാണെങ്കിലും ട്രൈബ്യൂണലിന്‍റെ സ്ഥിരീകരണമെന്ന സാങ്കേതികത്വം കൂടി നിലനല്‍ക്കുന്നുണ്ട്. അതേസമയം നിരോധനത്തില്‍ പിഎഫ്ഐയുടെ രാഷ്ട്രീയ പാര്‍ട്ടിയായ എസ്ഡിപിഐയെ ആഭ്യന്തരമന്ത്രാലയം ഉള്‍പ്പെടുത്തിയിട്ടില്ല. ഉത്തര്‍പ്രദേശ്, കർണാടക, ഗുജറാത്ത് സംസ്ഥാനങ്ങള്‍ നേരത്തെ നിരോധനത്തിന് കേന്ദ്രത്തോട് ശുപാർശ ചെയ്തിരുന്നു.

Follow Us:
Download App:
  • android
  • ios