മുഖ്യമന്ത്രിയെ കാണാനും പരാതി പറയാനും നിവേദനം നല്‍കാനും എംഎല്‍എമാരും അവരുടെ അനുയായികളും കൂട്ടമായി എത്തിയതാണ് തിരക്കുണ്ടാകാന്‍ കാരണം.
മുംബൈ: എംഎല്‍എമാരും അവരുടെ അനുയായികളും ഓഫിസിന് മുന്നില്‍ തടിച്ചുകൂടിയതോടെ വാതിലടച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ. മുഖ്യമന്ത്രിയുടെ ഓഫിസിന് മുന്നില്‍ തടിച്ചുകൂടി തിരക്ക് നിയന്ത്രണതീതമായതോടെയാണ് വാതിലടച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കുറച്ച് സമയത്തിന് ശേഷം വാതില്‍ തുറന്നതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ദേശീയമാധ്യമമായ ഇന്ത്യന്‍ എക്സ്പ്രസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്ര സെക്രട്ടേറിയറ്റിലെ ആറാം നിലയിലാണ് മുഖ്യമന്ത്രിയുടെ ഓഫിസ്. ബുധനാഴ്ച മുഖ്യമന്ത്രിയുടെ ഓഫിസില്‍ വലിയ തിരക്കുണ്ടായി. മുഖ്യമന്ത്രിക്ക് നില്‍ക്കാന്‍ പോലും സ്ഥലമില്ലാത്ത അവസ്ഥയായിരുന്നു. തുടര്‍ന്ന് കുറച്ച് സമയം വാതില്‍ അടച്ചിടേണ്ടി വന്നു. വ്യാഴാഴ്ചയും അരമണിക്കൂറോളം വാതില്‍ അടച്ചു- ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം, വിഷയത്തില്‍ മുഖ്യമന്ത്രി പ്രതികരിച്ചിട്ടില്ല.
മുഖ്യമന്ത്രിയെ കാണാനും പരാതി പറയാനും നിവേദനം നല്‍കാനും എംഎല്‍എമാരും അവരുടെ അനുയായികളും കൂട്ടമായി എത്തിയതാണ് തിരക്കുണ്ടാകാന്‍ കാരണം. തിരക്ക് നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി ഒന്നാമത്തെ നിലയില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു. എന്നാല്‍ എംഎല്‍എമാരും അനുയായികളും കൂട്ടമായെത്തിയതോടെ തിരക്ക് വര്‍ധിച്ചു. തുടര്‍ന്നാണ് വാതില്‍ അടച്ചത്. അമിതമായ തിരക്ക് നിയന്ത്രിക്കാന്‍ തൊട്ടടുത്ത ദിവസവും ഉച്ചക്ക് ശേഷം അരമണിക്കൂര്‍ വാതില്‍ അടച്ചു. ഈ സമയം സന്ദര്‍ശകരെ മാത്രമല്ല, ഉദ്യോഗസ്ഥരെപ്പോലും പ്രവേശിപ്പിച്ചില്ല. തിരക്ക് കുറഞ്ഞതിന് ശേഷം ഉച്ചക്ക് 2.35നാണ് വാതില്‍ തുറന്നത്.
നേരത്തെ, ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള സേനയിലെ 40 എംഎൽഎമാരിൽ 22 പേരും ബിജെപിയിൽ ചേരുമെന്ന് ശിവസേന ആരോപിച്ചിരുന്നു. ശിവസേനയുടെ മുഖപത്രമായ സാമ്‌നയിൽ ആണ് ആരോപണം ഉന്നയിച്ചത്. ഏക്നാഥ് ഷിൻഡെയെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാക്കിയത് ബിജെപിയുടെ താല്‍ക്കാലി അഡ്ജസ്റ്റുമെന്‍റാണെന്നും ലേഖനത്തിൽ പറയുന്നു.
അദ്ദേഹത്തിന്റെ മുഖ്യമന്ത്രി കുപ്പായം എപ്പോൾ വേണമെങ്കിലും അഴിക്കാമെന്ന് ഇപ്പോൾ എല്ലാവർക്കും മനസ്സിലായി. അന്ധേരി ഈസ്റ്റ് ഉപതെരഞ്ഞെമടുപ്പിൽ ഷിൻഡെയുടെ ഗ്രൂപ്പ് ഒരു സ്ഥാനാർത്ഥിയെ നിർത്തേണ്ടതായിരുന്നു. എന്നാൽ അത് ഒഴിവാക്കിയത് ബിജെപിയാണ്," സാമ്‌നയിലൂടെ ഉദ്ദവ് വിഭാഗം ആരോപിച്ചു.
