കേന്ദ്ര സര്‍ക്കാരിന്‍റെ പ്രാഥമിക പരിഗണന 20000കോടി ചെലവില്‍ നിര്‍മ്മിക്കുന്ന സെന്‍ട്രെല്‍ വിസ്റ്റ പദ്ധതിക്കാണെന്നും വാക്സിന്‍ വിതരണത്തിലല്ലെന്നും നാനാ പട്ടോലെ

കൊവിഡ് പ്രതിസന്ധി നേരിടാന്‍ സുപ്രീം കോടതി സമാന്തരമായ ഒരു സര്‍ക്കാര്‍ ഉണ്ടാക്കണമെന്ന ആവശ്യവുമായി മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാവ് നാനാ പട്ടോലെ. കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രത്തിന് വീഴ്ച വന്നുവെന്ന് രൂക്ഷ വിമര്‍ശനത്തോടെയാണ് പട്ടോലെയുടെ പ്രസ്താവന.

മഹാമാരിയുടെ കാലത്ത് രാജ്യത്തെ സംരക്ഷിക്കാന്‍ ബിജെപി സര്‍ക്കാരിന് സാധിച്ചില്ല. കൊവിഡ് സാഹചര്യത്തില്‍ പ്രത്യേക ദൌത്യ സംഘത്തെ രൂപീകരിക്കുന്നതിനൊപ്പം സമാന്തര സര്‍ക്കാര്‍ രൂപീകരിക്കണമെന്നും നാനാ പട്ടോല പറയുന്നു. ഭരണഘടനയില്‍ ഇതിനുള്ള വകുപ്പുണ്ടെന്നും നാനാ പട്ടോലെ പറഞ്ഞു.

കേന്ദ്ര ഭരണ പ്രദേശങ്ങളിലേക്കും സംസ്ഥാനങ്ങളിലേക്കുമുള്ള ഓക്സിജന്‍ വിതരണം അടക്കമുള്ള കൊവിഡ് പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ 12 അംഗ ദൌത്യ സംഘത്തെ സുപ്രീം കോടതി രൂപീകരിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിന്‍റെ പ്രാഥമിക പരിഗണന 20000കോടി ചെലവില്‍ നിര്‍മ്മിക്കുന്ന സെന്‍ട്രെല്‍ വിസ്റ്റ പദ്ധതിക്കാണെന്നും വാക്സിന്‍ വിതരണത്തിലല്ലെന്നും പട്ടോലെ ആരോപിച്ചു. എത്ര കാലം ഗാന്ധി കുടുംബത്തെ പഴി പറഞ്ഞ് ബിജെപിക്ക് രാഷ്ട്രീയത്തില്‍ മുന്നോട്ട് പോകാനാവുമെന്നും പട്ടോലെ ചോദിക്കുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona