മുംബൈ: മഹാരാഷ്ട്രയിൽ ബിജെപിയുമായി ഇടഞ്ഞ് നിൽക്കുന്ന ശിവസേനയ്ക്ക് സർക്കാർ രൂപീകരിക്കാൻ കോൺഗ്രസിന്റെ ക്ഷണം. ശിവസേന,  ബിജെപി ബന്ധം ഉപേക്ഷിച്ച് വന്നാൽ  ഹൈക്കമാൻഡുമായി ചർച്ച നടത്തുമെന്ന് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ ബാലാ സാഹേബ് തോറാട്ട് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.  എന്നാൽ ശിവസേനയുമായി ചർച്ച പാടില്ലെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ ആവർത്തിച്ചു.

സർക്കാരുണ്ടാക്കാനുള്ള ഭൂരിപക്ഷം എൻസിപി-കോൺഗ്രസ് മുന്നണിക്കില്ല. എന്നാലും ബിജെപിയെ ഭരണത്തിൽ നിന്നകറ്റാൻ ശിവസേനയെ പുറത്ത് നിന്ന് പിന്തുണയ്ക്കാമെന്ന തന്ത്രമാണ് കോൺഗ്രസ് നേതാവ് അശോക് ചവാൻ മുന്നോട്ട് വച്ചത്. 56 സീറ്റാണ് സംസ്ഥാനത്ത് ശിവസേനക്കുള്ളത്. കോൺഗ്രസിന്‍റെ 44 സീറ്റും എൻസിപിയുടെ 54 സീറ്റും ചേർന്നാൽ കേവല ഭൂരിപക്ഷം നേടാനാവുമെന്നാണ് കണക്കുകൂട്ടൽ. 

അശോക് ചവാന്‍റേത് സംസ്ഥാന നേതൃത്വത്തിന്‍റെ അഭിപ്രായം തന്നെയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ ബാലാസാഹേബ് തോറാട്ടും സമ്മതിക്കുന്നു. എന്നാൽ ഇക്കാര്യത്തിൽ എൻസിപിയുടെ പിന്തുണ നേടാൻ കോൺഗ്രസ് നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. പ്രതിപക്ഷത്തിരിക്കാനുള്ള ജനവിധി മാനിക്കണമെന്ന് ശരദ് പവാർ ഇന്നലെയും ആവർത്തിച്ചു.

മുഖ്യമന്ത്രിസ്ഥാനത്തിനായി മുന്നണിക്കുള്ളിൽ ശിവസേന പോര് തുടങ്ങിയിട്ടുമുണ്ട്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെ വിമർശിച്ച് ശിവസേന മുഖപത്രം സാമ്നയിൽ ലേഖനം വന്ന ദിവസം തന്നെയാണ് കോൺഗ്രസിന്റെ രാഷ്ട്രീയ നീക്കം. എന്നാൽ പവാറിനെ അനുനയിപ്പിക്കാതെ പുതിയ തന്ത്രങ്ങളൊന്നും ഫലം കാണില്ല.