പൊതുമിനിമം പരിപാടിയുടെ കരട് തയ്യാറായ സാഹചര്യത്തിൽ മഹാരാഷ്ട്രയിലെ കോൺഗ്രസ്-എൻസിപി-ശിവസേന നേതാക്കൾ ഒരുമിച്ച് ഗവർണറെ കാണുമെന്നായിരുന്നു പ്രഖ്യാപിച്ചത് പൊതു മിനിമം പരിപാടിയുടെ കരടിന് അന്തിമ രൂപം നൽകാൻ സോണിയാ ഗാന്ധിയും പവാറും നാളെ ദില്ലിയിൽ കൂടിക്കാഴ്ച നടത്തും

മുംബൈ: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെ ഇന്ന് ഗവർണറുമായി നടത്താനിരുന്ന സംയുക്ത കൂടിക്കാഴ്ചയിൽ നിന്ന് മൂന്ന് പാർട്ടികളും പിന്മാറി. കോൺഗ്രസ്, എൻസിപി, ശിവസേന പാർട്ടി പ്രതിനിധികളാണ് ഇന്ന് ഗവർണറെ കാണാൻ തീരുമാനിച്ചത്. എന്നാൽ യോഗം അവസാന നിമിഷം റദ്ദാക്കിയതായാണ് ഏറ്റവും പുതിയ വിവരം.

പൊതുമിനിമം പരിപാടിയുടെ കരട് തയ്യാറായ സാഹചര്യത്തിൽ മഹാരാഷ്ട്രയിലെ കോൺഗ്രസ്-എൻസിപി-ശിവസേന നേതാക്കൾ ഒരുമിച്ച് ഗവർണറെ കാണുമെന്നായിരുന്നു പ്രഖ്യാപിച്ചത്. വൈകീട്ട് മൂന്ന് മണിക്കാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്. കർഷക പ്രശ്നങ്ങളിൽ ഗവർണറുടെ ശ്രദ്ധക്ഷണിക്കാനാണ് കൂടിക്കാഴ്ചയെന്നായിരുന്നു ഔദ്യോഗിക വിശദീകരണം.

എന്നാൽ നേരത്തെ ഇതേ ആവശ്യത്തിൽ ഗവർണറെ കണ്ട പാർട്ടികൾ ഇപ്പോൾ പോവുന്നത് സഖ്യസാധ്യത അറിയിക്കാനും സാവകാശം തേടാനുമാണെന്നായിരുന്നു പുറത്തുവന്ന വാർത്തകൾ. പൊതു മിനിമം പരിപാടിയുടെ കരടിന് അന്തിമ രൂപം നൽകാൻ സോണിയാ ഗാന്ധിയും പവാറും നാളെ ദില്ലിയിൽ കൂടിക്കാഴ്ച നടത്തും. 

മഹാരാഷ്ട്രയില്‍ എന്‍സിപി ശിവസേനയുമായും കോണ്‍ഗ്രസുമായും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുമെന്നും കാലാവധി പൂര്‍ത്തിയാക്കുന്ന വരെ ഭരിക്കുമെന്നും എന്‍സിപി നേതാവ് ശരദ് പവാര്‍ ഇന്നലെ പ്രതികരിച്ചിരുന്നു. സഖ്യസര്‍ക്കാര്‍ ആറുമാസം പോലും ഭരണത്തില്‍ തുടരില്ലെന്ന മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്‍റെ പ്രസ്താവനയ്ക്ക് മറുപടി നല്‍കുകയായിരുന്നു പവാര്‍. 

മുഖ്യമന്ത്രിസ്ഥാനത്തിന്‍റെ പേരില്‍ എന്‍ഡിഎയില്‍ നിന്ന് പുറത്തുവന്ന ശിവസേനയുടെ അന്തസ് സംരക്ഷിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്വമാണെന്നും അതിനാല്‍ മുഖ്യമന്ത്രി അവരുടേതായിരിക്കുമെന്നും മുതിര്‍ന്ന എന്‍സിപി നേതാവ് നവാബ് മാലിക്കും പറഞ്ഞിരുന്നു.