മുംബൈ:തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മഹാരാഷ്ട്രയിൽ ശിവസേനയ്ക്ക് മത്സരിക്കുന്നതിന് 50 ശതമാനം സീറ്റുകള്‍ ലഭിക്കാന്‍ സാധ്യതയില്ല. 288 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ശിവസേനയും ബിജെപിയും സീറ്റുകള്‍ തുല്യമായി വീതിക്കാനായിരുന്നു നേരത്തെ ധാരണയായത്. എന്നാല്‍ പകുതി സീറ്റുകള്‍ 
മത്സരിക്കാന്‍ ബിജെപി ശിവസേനക്ക് നല്‍കില്ലെന്നാണ് നിലവില്‍ വരുന്ന റിപ്പോര്‍ട്ട്. പകുതി സീറ്റുകള്‍ ലഭിച്ചില്ലെങ്കില്‍ 130 സീറ്റുകളെങ്കിലും വേണമെന്ന നിലപാടിലാണ് നിലവില്‍ ശിവസേന. 

പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് മത്സരിക്കാന്‍ 110 നും 120 സീറ്റുകള്‍ മാത്രമേ ശിവസേനക്ക് ലഭിക്കാന്‍ ഇടയുള്ളൂ. ഒക്ടോബര്‍ 21 നാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ്. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ഒക്ടോബര്‍ 24 നാണ് ഫലപ്രഖ്യാപനം നടക്കുക. 

ശിവസേനയുടെ യുവജനവിഭാഗമായ യുവസേനയുടെ അധ്യക്ഷനും ഉദ്ദവ് താക്കറെയുടെ മകനുമായ ആദിത്യ താക്കറെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. അധികാരം നിലനിര്‍ത്തുന്ന പക്ഷം മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി സ്ഥാനം അദ്ദേഹത്തിന് ലഭിക്കാനാണ് സാധ്യത. ഈ സാഹചര്യത്തില്‍ അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കി ബിജെപിയുമായി സഹകരിച്ചു പോകാമെന്നാണ് ശിവസേനയ്ക്ക് അകത്തുയര്‍ന്നിരിക്കുന്ന അഭിപ്രായം.