മുംബൈ : കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ റമദാന്‍ മാസത്തിലെ കൂട്ടായ്മകളും ഘോഷയാത്രകളും നിരോധിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. ഏപ്രില്‍ 14 ന് ആരംഭിക്കുന്ന റമദാന്‍ മാസത്തിലെ പ്രത്യേക പ്രാര്‍ത്ഥനകള്‍ക്ക് പിന്നാലെയുള്ള യോഗങ്ങള്‍ക്കും വിലക്ക് ബാധകമാണ്. ഏപ്രില്‍ 12 51751 പുതിയ കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. നോമ്പ് മുറിക്കുന്നതിനിടെ കൊവിഡ് പ്രൊട്ടോക്കോള്‍ കൃത്യമായി പാലിക്കണമെന്നും ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സര്‍ക്കാര്‍ പറയുന്നു.

ജമായത്ത് ഉലേമാ ഇ ഹിന്ദ് നേതാക്കള്‍ മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപ്പെയെ സന്ദര്‍ശിച്ച് റമദാന്‍ മാസത്തിലെ പ്രാര്‍ത്ഥനകള്‍ മോസ്കിനുള്ളില്‍ വച്ച് നടത്താന്‍ അനുമതി തേടിയതിന് പിന്നാലെയാണ് വിലക്ക് വരുന്നത്. എല്ലാ ആരാധനാലയങ്ങളും അടച്ചിടാനും ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നത് വരെ ഈ നില തുടരാനും മഹാരാഷ്ട്ര സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. പ്രദേശത്തെ പകുതി ആളുകളെ ഉള്‍പ്പെടുത്തി നിസ്കാരം നടത്താന്‍ അനുവദിക്കണമെന്നാണ്  ജമായത്ത് ഉലേമാ ഇ ഹിന്ദ് നേതാക്കള്‍ ആരോഗ്യമന്ത്രിയോട് ആവശ്യപ്പെട്ടത്.

കൊവിഡ് ബാധിച്ച് ഇതിനോടകം 58245 പേരാണ് മഹാരാഷ്ട്രയില്‍ മരിച്ചിട്ടുള്ളത്. 564746 ആക്ടീവ് കേസുകളാണ് സംസ്ഥാനത്ത് നിലവിലുള്ളത്. മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ്, ദില്ലി, ഛത്തീസ്ഗഡ്, കര്‍ണാടക, കേരള, തമിഴ്നാട്, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍ അടക്കമുളള സംസ്ഥാനങ്ങളഇല്‍ കൊവിഡ് രണ്ടാംതരംഗം രൂക്ഷമാവുകയാണ്. രാജ്യത്തെ കൊവിഡ് കേസുകളുടെ 47.22 ശതമാനവും മഹാരാഷ്ട്രയിലാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.