മുംബൈ/ദില്ലി: മഹാരാഷ്ട്രയിൽ ശിവസേന എൻസിപിയും കോൺഗ്രസുമായി ചേർന്ന് സഖ്യസർക്കാരുണ്ടാക്കില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി തന്‍റെ നിലപാട് ആവർത്തിക്കുകയാണ്. ''ക്രിക്കറ്റിലും രാഷ്ട്രീയത്തിലും എന്തും സംഭവിക്കാം. ഞാൻ നേരത്തേ പറഞ്ഞില്ലേ? ഇപ്പോൾ നിങ്ങൾക്ക് മനസ്സിലായില്ലേ ‌ഞാൻ ഉദ്ദേശിച്ചത് എന്തെന്ന്?'', നിതിൻ ഗഡ്കരി ചോദിക്കുന്നു. നാഗ്പൂരിന്‍റെ സ്വന്തം നേതാവും മഹാരാഷ്ട്രയുടെ 'പൾസ്' അറിയുന്ന രാഷ്ട്രീയനേതാവാണ് ഗഡ്കരി. 

തോൽക്കുമെന്ന് ഉറപ്പിച്ച കളിയിൽപ്പോലും അവസാനനിമിഷം ജയിക്കാനാകും എന്നതാണ് ക്രിക്കറ്റിന്‍റെ സൗന്ദര്യം. രാഷ്ട്രീയത്തിലും അത് തന്നെ - എന്ന് ഗഡ്കരി.

ഒറ്റരാത്രി കൊണ്ട് മാറിമറിഞ്ഞ മഹാരാഷ്ട്രീയത്തിലെ നാടകത്തിനൊടുവിൽ മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫട്‍നവിസും ഉപമുഖ്യമന്ത്രിയായി അജിത് പവാറും സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് ഗഡ്കരിയുടെ പ്രസ്താവന. ഇന്നലെ രാത്രി വരെ സേനയും കോൺഗ്രസുമായുള്ള സഖ്യയോഗങ്ങളിലെല്ലാം പങ്കെടുത്ത നേതാവാണ് അജിത് പവാർ. ഒമ്പത് മണി വരെ ആ യോഗം തുടർന്നു. തുടർന്ന് ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകുമെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ പ്രഖ്യാപിച്ചു. രണ്ട് മണിക്കൂറിനകം അമിത് ഷാ ദില്ലിയിൽ നിന്ന് അജിത് പവാറിനെ വിളിച്ചു. നേരം പതിനൊന്നര. ചർച്ചകൾ അർദ്ധരാത്രി കടന്നും നീങ്ങി. ഒരു സമവായമായതോടെ, പുലർച്ചെ 5.47-ന് രാഷ്ട്രപതി ഭരണം പിൻവലിക്കാനുള്ള ശുപാർശ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് രാഷ്ട്രപതിഭവനിലേക്ക് പോയി. ഇതോടെ നവംബർ 12-ന് സംസ്ഥാനത്ത് പ്രഖ്യാപിച്ച രാഷ്ട്രപതിഭരണം ഏഴ് മണിയോടെ പിൻവലിച്ചു. ഏഴരയോടെ സത്യപ്രതിജ്ഞ. നേരം ഇരുട്ടി വെളുത്തപ്പോഴേക്ക് എല്ലാം കഴിഞ്ഞു. എല്ലാം മാറി മറിഞ്ഞു.

ആദ്യത്തെ അമ്പരപ്പ് വിട്ടുമാറിയപ്പോൾ ശരദ് പവാർ നിലപാട് വ്യക്തമാക്കി. തന്‍റെ അനുമതിയോടെയല്ല ഇതൊന്നും. തന്‍റെ മരുമകനായ അജിത് പവാർ കൂറുമാറിയതായി കണക്കാക്കും. അവകാശപ്പെട്ടത് പോലെ 35 എംഎൽഎമാർ അജിത് പവാറിന് ഒപ്പമില്ല. 11 എംഎൽഎമാർ ഉണ്ടെന്നാണ് കരുതുന്നത്. ബാക്കിയെല്ലാവരും തനിക്ക് ഒപ്പം തന്നെയുണ്ട്. അജിത് പവാറിനെ നിയമസഭാ കക്ഷി നേതൃസ്ഥാനത്ത് നിന്ന് പുറത്താക്കും. നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ അജിത് പവാറിനാകില്ലെന്ന് പറയുമ്പോഴും വലിയ ആത്മവിശ്വാസം ശരദ് പവാറെന്ന രാഷ്ട്രീയ ചാണക്യന്‍റെ ശബ്ദത്തിലുണ്ടായിരുന്നില്ല.

2014-ൽ തന്‍റെ ആദ്യമുഖ്യമന്ത്രിപദവിയിലേക്ക് ഫട്‍നവിസ് നടന്നു കയറുമ്പോൾ വാംഖഡെ സ്റ്റേഡിയത്തിൽ ആർത്തുവിളിക്കാൻ ആയിരക്കണക്കിന് അനുയായികളുണ്ടായിരുന്നെങ്കിൽ രണ്ടാം തവണ മുഖ്യമന്ത്രിസ്ഥാനത്തെത്തിയത് ഇരുട്ടിന്‍റെ മറവിൽ ആരുമറിയാതെയായിരുന്നു എന്നത് മറ്റൊരു വൈചിത്ര്യം. 

288 അംഗങ്ങളുള്ള മഹാരാഷ്ട്ര നിയമസഭയിൽ 105 സീറ്റുകൾ നേടിയാണ് ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. സഖ്യകക്ഷിയായിരുന്ന ശിവസേനയ്ക്ക് കിട്ടിയത് 56 സീറ്റുകൾ. എൻസിപി 54 സീറ്റ് നേടി. കോൺഗ്രസിന് കിട്ടിയത് 44 സീറ്റുകൾ. മറ്റ് ചെറുകക്ഷികളും സ്വതന്ത്രരും എല്ലാം ചേർന്ന് 29 സീറ്റുകൾ നേടി. കേവലഭൂരിപക്ഷത്തിന് വേണ്ടത് 145 സീറ്റുകളാണ്. ശിവസേനയില്ലെങ്കിൽ ബിജെപിക്ക് ഇത് നേടാൻ എൻസിപി മതിയായിരുന്നു. 

ഉടനടി 35 എംഎൽഎമാരെ ഒപ്പം നിർത്താൻ അജിത് പവാറിനായില്ലെങ്കിലും, ഒരാഴ്ച സമയമുണ്ട് ബിജെപിക്ക്. ശിവസേന, കോൺഗ്രസ്, എൻസിപി ക്യാമ്പുകളിലേക്ക് വല വീശാൻ.