മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ അനിശ്ചിതത്വം ഇന്ന് അവസാനിച്ചേക്കും. കോൺഗ്രസ്, എൻസിപി, ശിവസേനാ നേതാക്കൾ ഒന്നിച്ചിരുന്ന് സഖ്യരൂപീകരണത്തിൽ അന്തിമ തീരുമാനം എടുക്കും. ചർച്ചകൾക്ക് മുന്നോടിയായി ശിവസേന നേതാക്കൾ ഇന്നലെ രാത്രി ശരത് പവാറിനെ വീട്ടിലെത്തി കണ്ടു. ഇതിനിടെ കുതിരക്കച്ചവടം പേടിച്ച് സേനാ എംഎൽഎമാരെ ഇന്ന് രാജസ്ഥാനിലെ റിസോർട്ടിലേക്ക് മാറ്റുമെന്നാണ് വിവരം.

ഒടുവിൽ കോൺഗ്രസ് ഹൈക്കമാൻഡും സഖ്യമുണ്ടാക്കാന്‍ വഴങ്ങുകയായിരുന്നു. സേനാ -എൻസിപി- കോൺഗ്രസ് സർക്കാർ അധികാരത്തിലേറുന്നത് ഇനി വൈകില്ല. ദില്ലിയിലെ ചർച്ചകൾക്ക് ശേഷം കോൺഗ്രസ് എൻസിപി നേതാക്കൾ ഇന്നലെ തന്നെ മുംബൈയിലെത്തി. രാവിലെ ഇരുപാർട്ടി നേതാക്കൾ ഒരുവട്ടം കൂടി കൂടിക്കാഴ്ച നടത്തിയ ശേഷമാവും ശിവസേനയുമായുള്ള സംയുക്ത ചർച്ച. മൂന്ന് പാർട്ടികളുടേയും സംയുക്ത വാർത്താ സമ്മേളനവും ഇന്ന് പ്രതീക്ഷിക്കുന്നുണ്ട്. സേനയ്ക്ക് നൽകുന്ന മുഖ്യമന്ത്രി പദത്തിൽ ഉദ്ദവ് താക്കറെ തന്നെ വരണമെന്ന് കോൺഗ്രസ് എൻസിപി നേതാക്കൾ ആവശ്യപ്പെട്ടേക്കും.

ഡിസംബർ ഒന്നിനകം സത്യപ്രതിജ്ഞയെന്നാണ് സേനാ നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞത്. എന്നാൽ ശിവസേനാ എംഎൽഎമാരെ രാജസ്ഥാനിലെ ഉദയ് പൂരിലേക്കോ ജയ്പൂരിലേക്കോ മാറ്റിയേക്കുമെന്നാണ് സൂചന. അവസാനഘട്ടത്തിലെ കൂറമാറ്റം തടയാനാണിതെന്നാണ് വിവരം.സഖ്യത്തെ എതിർക്കുന്ന 17 എംഎൽഎമാർ കഴിഞ്ഞ ദിവസം ഉദ്ദവ് താക്കറെയെ കാണാൻ ശ്രമിച്ചിരുന്നെങ്കിലും ഉദ്ദവ് കൂട്ടാക്കിയിരുന്നില്ല. എംഎൽഎമാരോട് വസ്ത്രങ്ങളും ആധാർ,പാന കാർഡുകളുമായി രാവിലെ തന്നെ മാതോശ്രീയിലെത്താനാണ് ഉദ്ദവ് താക്കറെ ആവശ്യപ്പെട്ടത്.