മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേനയുമായി ചേര്‍ന്ന് സര്‍ക്കാറുണ്ടാക്കാനുള്ള ശ്രമം വീണ്ടും സജജീവമാക്കി കോണ്‍ഗ്രസും എന്‍സിപിയും. സുസ്ഥിര സർക്കാർ പ്രഖ്യാപനം രണ്ട് ദിവസത്തിനുളളിൽ ഉണ്ടാകുമെന്ന് എൻസിപി-കോൺഗ്രസ് യോഗത്തിന് ശേഷം നേതാക്കൾ ദില്ലിയിൽ അറിയിച്ചു. 

കോൺഗ്രസ്,ശിവസേന സഖ്യത്തിൽ മുന്നോട്ട് പോകുമെന്ന് എൻസിപി വ്യക്തമാക്കി. 'ഇതിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. തീരുമാനം ഇന്നോ നാളെയോ ഉണ്ടാകും. സുശക്തമായ സർക്കാരുണ്ടാക്കും. ചില കാര്യങ്ങളിൽ കൂടി വ്യക്തത വരുത്താനുണ്ട്'. തീരുമാനം ഉടൻ ഉണ്ടാകുമെന്നും പൃഥിരാജ് ചവാന്‍ വ്യക്തമാക്കി. 

സർക്കാർ രൂപീകരണ സന്നദ്ധതയറിയിച്ച് രണ്ട് ദിവസത്തിനുള്ളിൽ ഗവര്‍ണര്‍ക്ക് കത്ത് നൽകും. അതിനിടെ സര്‍ക്കാര്‍ രൂപീകരണത്തിനെതിരെ 17 ഓളം ശിവസേന എംഎല്‍എമാര്‍ രംഗത്തെത്തി. അതേ സമയം സഖ്യ സർക്കാരിൽ മുഖ്യമന്ത്രി സ്ഥാനം ശിവസേനക്കെന്നാണ് നിലവില്‍ ലഭിക്കുന്ന സൂചന. നേരത്തെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയായിരുന്നു സേന-ബിജെപി സഖ്യത്തില്‍ വിള്ളലുണ്ടായത്.