ദില്ലി: മഹാരാഷ്ട്രയിലെ ഫഡ്നവീസ് സര്‍ക്കാരിനും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും നിര്‍ണായകമാകും ഇന്ന് സുപ്രീംകോടതിയില്‍ നിന്നുണ്ടാകുന്ന ഓരോ നടപടിയും. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിക്ക് അനുവാദം നല്‍കിയ ഗവർണ്ണറുടെ നടപടി പരമോന്നത കോടതി പരിശോധിക്കാൻ തീരുമാനിച്ചതോടെ മഹാരാഷ്ട്ര പ്രതിസന്ധി കേന്ദ്രസർക്കാരിനും നിർണ്ണായകമാണ്.  സര്‍ക്കാര്‍ രൂപീകരണത്തിന് ആധാരമായ രേഖകള്‍ സുപ്രീംകോടതി പരിശോധിക്കും.

സർക്കാർ രൂപീകരണത്തിന് ക്ഷണിച്ചു കൊണ്ട് ഗവർണ്ണർ നൽകിയ കത്തും, ഭൂരിപക്ഷം ഉണ്ടെന്ന് ദേവേന്ദ്ര ഫട്നാവിസ് നൽകിയ കത്തുമാണ് കോടതിക്ക് മുൻപിൽ വരുന്നത്. പത്തരക്ക് കോടതി ചേരുന്നതിന് മുൻപ് രേഖകൾ എത്തിക്കണമെന്നാണ് നിർദ്ദേശം. രേഖകളുടെ സാധുത പരിശോധിച്ച ശേഷമാകും വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ത്രികക്ഷി സഖ്യത്തിന്റെ ഹർജിയിലെ ആവശ്യത്തിൽ കോടതി തീരുമാനമെടുക്കും.

ഭൂരിപക്ഷം തെളിയിക്കാന്‍ മൂന്ന് ദിവസത്തെ സാവകാശം വേണമെന്ന ബിജെപി ആവശ്യം തള്ളിക്കൊണ്ടാണ് സര്‍ക്കാര്‍ രൂപീകരണത്തിന് ആധാരമാക്കിയ രേഖകള്‍ ഹാജരാക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയത്. കേസിലെ മുഴുവന്‍ കക്ഷികള്‍ക്കും നോട്ടീസയക്കുകയും ചെയ്തിട്ടുണ്ട്. ജസ്റ്റിസുമാരായ എന്‍ വി രമണ, അശോക് ഭൂഷണ്‍, സഞ്ജീവ് ഖന്ന എന്നിവരടങ്ങുന്ന ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.

ദേവേന്ദ്ര ഫട്നാവിസ് സര്‍ക്കാരിന് സത്യപ്രതിജ്ഞ ചെയ്യാന്‍ അനുമതി നല്‍കിയ ഗവര്‍ണ്ണറുടെ നടപടി റദ്ദു ചെയ്യുക, 24 മണിക്കൂറിനകം വിശ്വാസവോട്ടെടുപ്പ് നടത്താന്‍ ഉത്തരവിടുക തുടങ്ങിയആവശ്യങ്ങളുന്നയിച്ചാണ് ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യം സുപ്രീം കോടതിയെ സമീപിച്ചത്. ഗവര്‍ണ്ണറുടെ അധികാരം സംബന്ധിച്ച കാര്യങ്ങള്‍ പരിഗണിക്കുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി, വിശ്വാസ വോട്ടെടുപ്പ് മാത്രമേ മുന്‍പിലുള്ളൂവെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ഭൂരിപക്ഷമുണ്ടെന്ന് ബോധ്യപ്പെടുത്താൻ ഫട്നാവിസിന് കഴിഞ്ഞോ എന്നാകും കോടതി പ്രധാനമായും പരിഗണിക്കുക. പരിശോധനയുടെ ഫലം എന്തായാലും വിശ്വാസ വോട്ടെടുപ്പിനുള്ള സമയം കോടതി പ്രഖ്യാപിച്ചേക്കുമെന്നാണ് വിലയിരുത്തലുകള്‍.

കര്‍ണാടക നിയമസഭയിലെ ഫലപ്രഖ്യാപനം വന്നതിന് ശേഷമുള്ള സ്ഥിതിക്ക് സമാനമാണ് മഹാരാഷ്ട്രയിലും. കർണ്ണാടകത്തിൽ അധികാരം പിടിക്കാനുള്ള ബിജെപിയുടെ ആദ്യം നീക്കം ചെറുത്തത് സുപ്രീം കോടതിയാണ്. ഗവർണ്ണർ നല്‍കിയ പതിനഞ്ച് ദിവസത്തെ സമയം സുപ്രീം കോടതി 48 മണിക്കൂറായി വെട്ടിക്കുറിച്ചിരുന്നു. ഒരാഴ്ചയെങ്കിലും കിട്ടിയെങ്കിൽ ഒരു വർഷത്തിനു ശേഷം കർണ്ണാടകത്തിൽ കണ്ട രാജി നാടകങ്ങൾ അന്നേ അരങ്ങേറുമായിരുന്നു. സമാനമാണ് മഹാരാഷ്ട്രയിലെയും കാര്യങ്ങളെന്നാണ് വ്യക്തമാകുന്നത്.

മഹാരാഷ്ട്രയിൽ അജിത് പവാറിനെ വിശ്വസിച്ച് രാത്രി നീക്കങ്ങളിലൂടെ അധികാരത്തിലേറിയ ബിജെപി ഇപ്പോൾ വിയർക്കുകയാണ്. അജിത് പവാർ എൻസിപിയിൽ ഒറ്റപ്പെട്ടു. സുപ്രീം കോടതിയിൽ ഹ‍ർജിയുടെ സാങ്കേതികത്വം മാത്രം ചൂണ്ടിക്കാട്ടിയാണ് ബിജെപി, കോൺഗ്രസ്-സേന-എൻസിപി സഖ്യത്തെ എതിർത്തത്. ഭൂരിപക്ഷം ഉറപ്പിക്കാൻ എത്ര എംഎൽഎമാർ കൂടെയുണ്ട് എന്ന് പറയാൻ പോലും കോടതിയിൽ ഞായറാഴ്ച ബിജെപിയുടെ അഭിഭാഷകൻ മുകുൾ റോതഗിക്കായില്ല.

സംഖ്യ ഉണ്ടെങ്കിൽ ഇന്നോ നാളെയോ തെളിയിക്കാനുള്ള പ്രതിപക്ഷത്തിന്‍റെ വെല്ലുവിളി ഏറ്റെടുക്കാനുമായില്ല. ഗവർണ്ണറുടെ ഉത്തരവ് പരിശോധിച്ച് ഇനി കോടതി എടുക്കാൻ പോകുന്ന നിലപാട് പ്രധാനമാണ്. രാഷ്ട്രപതിയെ പോലും പുലർച്ചെ വിളിച്ചെഴുന്നേല്‍പ്പിച്ചുള്ള നീക്കമാണ് ബിജെപി നടത്തിയത്. ഇതിനെതിരെയുള്ള കോടതിയുടെ ഏതു നിരീക്ഷണവും പ്രധാനമന്ത്രിയടക്കമുള്ളവര്‍ക്ക് വലിയ പ്രഹരമാകും.

ചൊവ്വാഴ്ചയ്ക്കകം ഭൂരിപക്ഷം തെളിയിക്കാൻ കോടതി ഉത്തരവിടും എന്നാണ് പ്രതിപക്ഷത്തിന്‍റെ പ്രതീക്ഷ. ജുഡീഷ്യറിക്കും നിയമസഭയ്ക്കും ഇടയിലുള്ള ഏറ്റുമുട്ടലായി വിഷയം ചിത്രീകരിച്ച മുകുൾ റോത്തഗിയോട് ആകാശമാണ് അതിരെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ മറുപടി.

41 പേരുടെ പിന്തുണയേ അജിത് പവാറിനെ നീക്കാൻ ഉണ്ടായിരുന്നുള്ളു എന്ന് കോടതിയിൽ എൻസിപി സമ്മതിച്ചിട്ടുണ്ട്. ശരദ് പവാറിനൊപ്പമുള്ളവരുടെ പിന്തുണ കുറയ്ക്കാനുള്ള സാവകാശമാണ് ബിജെപി ആഗ്രഹിക്കുന്നതെന്ന് കോടതിയിലെ വാദങ്ങളിൽ തന്നെ വ്യക്തമായിരുന്നു. പിയൂഷ് ഗോയലിനെയും രംഗത്തിറക്കി എംഎൽഎമാരുടെ മനസ്സുമാറ്റാനുള്ള നീക്കം സജീവമാക്കിയ ബിജെപിക്ക് കോടതി നല്‍കുന്ന ഏത് അധികസമയവും ആശ്വാസമാകും.

അതേസമയം മഹാരാഷ്ട്രയിലെ സംഭവവികാസങ്ങളിൽ പാർലമെൻറിൽ ഇന്ന് പ്രതിഷേധിക്കാൻ പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്. ഇരുസഭകളിലും വിഷയം ഉന്നയിക്കാൻ കോൺഗ്രസും എൻസിപിയും ശിവസേനയും നോട്ടീസ് നല്‍കി. കൂടുതൽ പ്രതിപക്ഷ പാർട്ടികളെ ഒപ്പം നിറുത്താനും കോൺഗ്രസ് ശ്രമിക്കുന്നുണ്ട്. ഗവർണ്ണറും പ്രധാനമന്ത്രിയുടെ ഓഫീസും എല്ലാ മര്യാദകളും ലംഘിച്ചു എന്ന് പ്രതിപക്ഷം നല്‍കിയ നോട്ടീസ് വ്യക്തമാക്കുന്നു.