Asianet News MalayalamAsianet News Malayalam

'നാളെ സമാന സാഹചര്യമുണ്ടായാൽ സംസ്ഥാന സർക്കാരുകൾ വീഴാതിരിക്കാനുള്ള മുൻകരുതലാകുന്ന വിധി', പാഠം മഹാരാഷ്ട്ര

ഭരിക്കുന്ന പാർട്ടിയെ പിളർത്തി സർക്കാരിനെ താഴെയിറക്കുന്ന രാഷ്ട്രീയ നാടകങ്ങളുടെ ഒടുവിലത്തെ ഉദാഹരണമായിരുന്നു മഹാരാഷ്ട്രയിൽ കണ്ടത്. 

Maharashtra Governor Had No Objective Material To Doubt Confidence Of Uddhav Government Supreme Court details ppp
Author
First Published May 11, 2023, 10:10 PM IST

ദില്ലി: ഭരിക്കുന്ന പാർട്ടിയെ പിളർത്തി സർക്കാരിനെ താഴെയിറക്കുന്ന രാഷ്ട്രീയ നാടകങ്ങളുടെ ഒടുവിലത്തെ ഉദാഹരണമായിരുന്നു മഹാരാഷ്ട്രയിൽ കണ്ടത്. സുപ്രീം കോടതി വരെ നീണ്ട മഹാനാടകത്തിന് ഒടുവിൽ ഭരണഘടന ബെഞ്ചിൽ നിന്നുണ്ടായിരുക്കുന്ന ഈ വിധി പല സംസ്ഥാനങ്ങളിലും സമാന സാഹചര്യമുണ്ടായാൽ സർക്കാർ വീഴാതെയിരിക്കാനുള്ള മുൻകരുതൽ കൂടിയാകുമെന്നാണ് വിലയിരുത്തൽ. 

ഉൾപാർട്ടി വിഷയങ്ങൾ പരിഹരിക്കാൻ വിശ്വാസവോട്ടെടുപ്പല്ല പരിഹാരമെന്ന് ചൂണ്ടിക്കാട്ടിയാണ് മഹാരാഷ്ട്ര കേസിൽ സുപ്രീം കോടതി വിധി പറഞ്ഞത്. സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടു എന്ന് ബോധ്യമാകുന്ന ഒരു രേഖയും മുന്നിലില്ലാതെ കേവലം പാർട്ടിയിലെ എതിർപ്പ് മാത്രം കണക്കിലെടുത്ത് അന്നത്തെ ഗവർണർ നൽകിയ നിർദ്ദേശം ഇല്ലാത്ത അധികാരം പ്രയോഗിക്കലാണെന്ന് സുപ്രീം കോടതി ആഞ്ഞടിച്ചു. 

വിശ്വാസ വോട്ടെടുപ്പ് നിയമവിരുദ്ധമായിരുന്നു. ഇത്തരം സാഹചര്യം ഇന്നിയുണ്ടായാൽ കൃത്യമായ നിയമോപദേശം വഴി മാത്രമേ ഗവർണർ പ്രവർത്തിക്കാവൂ എന്ന  സന്ദേശം കൂടിയാണ് കോടതി നൽകുന്നത്. എന്നാൽ മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെ വിശ്വാസവോട്ടെടുപ്പ് നേരിടാതെ രാജിവെച്ചതിനാൽ സർക്കാരിനെ പുനസ്ഥാപിക്കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. 

രാഷ്ട്രീയ പാർട്ടിയുടെ ഭാഗമാണ് നിയമസഭ കക്ഷി. വിപ്പിനെ നിശ്ചയിക്കാനുള്ള അവകാശം രാഷ്ട്രീയ പാർട്ടികൾക്കാണെന്ന സുപ്രധാന നീരീക്ഷണവും വിധിയിലുണ്ട്. ഷിൻഡെ പക്ഷത്തെ എംഎൽഎമാരെ അയോഗ്യരാക്കാനുള്ള അപേക്ഷയിൽ സ്പീക്കർ ന്യായമായ സമയത്തിനുള്ളിൽ തീരുമാനം എടുക്കാനാണ് നിർദ്ദേശം. നിലവിലെ സ്പീക്കർ ഷിൻഡേക്ക് അനൂകൂല തീരുമാനം എടുത്താലും താക്കറെ വിഭാഗത്തിന് കോടതിയെ സമീപിക്കാനുള്ള വഴി കൂടി കോടതി തുറന്നിടുകയാണ്. 

Read more: കണ്ണീരോർമ്മയായി വന്ദന, ഇമ്രാന് ആശ്വാസം, സ്വവർ​ഗ വിവാഹത്തിൽ വിധിക്കായി കാത്തിരിപ്പ് -അറിയാം പത്ത് വാർത്തകൾ

ഒപ്പം നിയമസഭ കക്ഷിയിലെ ബലം മാത്രം പരിഗണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ പാർട്ടികളിലെ തർക്കത്തിൽ തീർപ്പ് കല്പിക്കരുതെന്ന നിർദ്ദേശവും കോടതി നല്കിയത് ആരാണ് യഥാർത്ഥ ശിവസേന എന്നതിനായുള്ള വ്യവഹാരങ്ങളെ സ്വാധീനിക്കും എന്ന് ഉറപ്പ്.  തൽകാലം  അധികാരം നഷ്ടപ്പെടില്ലെങ്കിലും എംഎൽഎമാരുടെ അയോഗ്യത അപേക്ഷ ഉൾപ്പടെയുള്ള വിഷയങ്ങൾ ഷിൻഡെയ്ക്ക് തലവേദന തുടരുമെന്ന് സാരം.

Follow Us:
Download App:
  • android
  • ios