മുംബൈ: മഹാരാഷ്ട്രയിൽ സർക്കാർ ഉണ്ടാക്കാൻ നീക്കങ്ങളുമായി ശിവസേന മുന്നോട്ട്. സർക്കാർ രൂപീകരണത്തിന് അവകാശവാദമുന്നയിച്ച് ശിവസേന ഇന്ന് ഗവർണറെ കാണും. പ്രതിപക്ഷ കക്ഷികളുമായുള്ള ചർച്ചകൾ പൂർത്തിയാകാത്തതിനാൽ കേവല ഭൂരിപക്ഷം സഭയിൽ തെളിയിക്കാമെന്ന് സേന അഭ്യർഥിക്കും. 

തിങ്കളാഴ്ച രാത്രി എട്ട് മണിക്ക് മുൻപ് ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ശിവസേനയോട് മഹാരാഷ്ട്ര ഗവർണര്‍ നിർദ്ദേശിച്ചിരിക്കുന്നത്. ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപി സർക്കാർ രൂപീകരിക്കാനില്ലെന്ന് ഗവർണറെ അറിയിച്ചതോടെയാണ് രണ്ടാമത്തെ വലിയ ഒറ്റകക്ഷിയായ ശിവസേനയെ ഗവർണർ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചത്. 2014ൽ ബിജെപി ചെയ്തപ്പോലെ ന്യൂനപക്ഷ സർക്കാർ രൂപീകരിച്ച് വിശ്വാസ വോട്ടെടുപ്പ് നേരിടാനാണ് ശിവസേനയുടെ നീക്കം.

ബിജെപിയുമായുള്ള മുന്നണി ബന്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി എൻഡിഎ മുന്നണിയിലെ കേന്ദ്രമന്ത്രി സ്ഥാനം സേന ഇന്ന് തന്നെ രാജിവച്ചേക്കും. സേനയുമായി സഹകരിക്കണോ എന്ന കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാൻഡുമായി ചർച്ച ചെയ്യാൻ ശരദ് പവാർ ഇന്ന് ദില്ലിക്ക് പോയേക്കും. കോൺഗ്രസ് നേതാക്കളും ദില്ലിക്ക് പോകും. നാളെ എൻസിപി എംഎൽഎമാരുടെ യോഗം മുംബൈയിൽ ചേരുന്നുണ്ട്.

ഭരണത്തിൽ വരാൻ ആർക്കും ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തിലാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയെ കഴിഞ്ഞ ദിവസം ഗവർണർ ക്ഷണിച്ചത്. കേവല ഭൂരിപക്ഷമായ 145 തികയ്ക്കാൻ ബിജെപിക്ക് 23 അംഗങ്ങളുടെ കുറവുണ്ട്. ഇത് എങ്ങനെ പരിഹരിക്കും എന്നതിനെ ആശ്രയിച്ചിരിക്കും സർക്കാർ രൂപീകരണം. ശിവസേന, കോൺഗ്രസ്, എൻസിപി എന്നീ പാർട്ടികളെല്ലാം എംഎൽഎമാരെ മാറ്റി പാർപ്പിച്ചിരിക്കുകയാണ്. 

കണക്കിലെ കളിയെന്ത്?

നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 105 സീറ്റുകളാണ് കിട്ടിയത്. സേനയ്ക്ക് 56 സീറ്റുകൾ. 288 അംഗങ്ങളുള്ള നിയമസഭയിൽ കേവലഭൂരിപക്ഷത്തിന് 145 സീറ്റുകൾ വേണം.

കോൺഗ്രസിന് കിട്ടിയത് 44 സീറ്റുകളാണ്. എൻസിപിക്ക് 54 സീറ്റുകളുണ്ട്. ബഹുജൻ വികാസ് ആഖഡിയ്ക്ക് 3 സീറ്റ് കിട്ടി. മജ്‍ലിസ് ഇ-ഇത്തിഹാദുൽ മുസ്ലിമീൻ, പ്രഹർ ജനശക്തി പാർട്ടി, സമാജ്‍വാദി പാർട്ടി എന്നിവർക്ക് 2 സീറ്റുകൾ വീതം കിട്ടി. 13 സ്വതന്ത്രർ ജയിച്ചിട്ടുണ്ട്. സിപിഎമ്മടക്കം ഏഴ് പാർട്ടികൾക്ക് ഓരോ സീറ്റ് വീതവും കിട്ടി. 

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വോട്ട് വിഹിതം ഇടിഞ്ഞതാണ് ബിജെപിയ്ക്ക് ക്ഷീണമായത്. 2014-ൽ ബിജെപിയ്ക്ക് 47 ലക്ഷം വോട്ടുകളും 122 സീറ്റും കിട്ടിയെങ്കിൽ ഇത്തവണ 41 ലക്ഷം വോട്ടുകളും 105 സീറ്റുകളുമായി ഇ‍ടിഞ്ഞു.

ബിജെപിയുടെ ഈ ക്ഷീണം കണക്കിലെടുത്ത്, സഖ്യത്തിലെ 'വല്യേട്ട'നോട് 50:50 ഫോർമുല വേണമെന്ന് ശിവസേന വിലപേശിയതോടെയാണ് സഖ്യത്തിലെ ഭിന്നത മറനീക്കി പുറത്തുവന്നത്. അഞ്ച് വർഷത്തിൽ രണ്ടരവർഷം വീതം മുഖ്യമന്ത്രിപദം തുല്യമായി വീതം വയ്ക്കണമെന്നും ശിവസേന ആവശ്യപ്പെട്ടുകയായിരുന്നു.