മുംബൈ: സഖ്യ സര്‍ക്കാരിന് കളമൊരുങ്ങി മഹാരാഷ്ട്ര. ശിവസേന എൻസിപി കോൺഗ്രസ് സഖ്യത്തിൽ സര്‍ക്കാര്‍ രൂപീകരിക്കാനാണ് ധാരണ. മൂന്ന് കക്ഷികളിലേയും മുതിര്‍ന്ന നേതാക്കൾ നാളെ ഗവര്‍ണറെ കാണും. സഖ്യരൂപീകരണം അവസാന ഘട്ടത്തിലാണെന്ന് ഗവര്‍ണറെ അറിയിക്കും. 

അഞ്ച് വര്‍ഷത്തേക്ക് ശിവസേനക്ക് മുഖ്യമന്ത്രി പദം നൽകാനും എൻസിപിയും കോൺഗ്രസും ഉപമുഖ്യമന്ത്രി പദം സ്വീകരിക്കാനുമാണ് ധാരണമെന്നാണ് വിവരം. മൂന്ന് കക്ഷികളും ദിവസങ്ങൾ നീണ്ട ചര്‍ച്ചക്ക് ഒടുവിൽ വിശദമായ പൊതുമിനിമം പരിപാടിക്കും രൂപം നൽകിയിട്ടുണ്ട്. 

മുഖ്യമന്ത്രി പദത്തെ ചൊല്ലിയാണ് ബിജെപിയും ശിവസേനയും തമ്മിൽ തെറ്റിയത്. ശിവസേനയുമായി സഖ്യമാകാം എന്നാൽ മുഖ്യമന്ത്രിയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നായിരുന്നു ബിജെപി നിലപാട്. തെരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രിസ്ഥാനം പങ്കുവയ്ക്കാമെന്ന ഉറപ്പ് നൽകിയിരുന്നില്ലെന്നും അതിനാൽ തന്നെ മുഖ്യമന്ത്രിസ്ഥാനത്തിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും ബിജെപി നിലപാട് എടുത്തതോടെയാണ് കാര്യങ്ങൾ സങ്കീര്‍ണ്ണമായത് . ചര്‍ച്ചകൾക്ക് ഒടുവിൽ ശിവസേനയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ അംഗീകരിക്കാൻ എൻസിപിയും കോൺഗ്രസും തയ്യാറായതോടെയാണ് സഖ്യം ഉരുത്തിരിയുന്നത്.