Asianet News MalayalamAsianet News Malayalam

തദ്ദേശ തെരഞ്ഞെടുപ്പ്: നാഗ്പൂരിലും നിതിന്‍ ഗഡ്കരിയുടെ ഗ്രാമത്തിലും ബിജെപിക്ക് തോല്‍വി

കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ ജന്മസ്ഥലമായ ധാപെവാഡയിലടക്കം ബിജെപിക്ക് അടിപതറി. കഴിഞ്ഞ മൂന്ന് ടേമുകളിലും ധാപെവാഡയില്‍ ബിജെപിയായിരുന്നു ജയിച്ചത്. 

Maharashtra local body election: BJP loses Nagpur zilla parishad
Author
Nagpur, First Published Jan 8, 2020, 7:36 PM IST

നാഗ്പൂര്‍: മഹാരാഷ്ട്രയില്‍ വീണ്ടും തിരിച്ചടി നേരിട്ട് ബിജെപി. ആര്‍എസ്എസ് ആസ്ഥാനമായ നാഗ്പൂര്‍ ജില്ലാ പരിഷദ് തെരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസിന് മുന്നില്‍ ബിജെപി മുട്ടുമടക്കിയത്. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ ജന്മസ്ഥലമായ ധാപെവാഡയിലടക്കം ബിജെപിക്ക് അടിപതറി. കഴിഞ്ഞ മൂന്ന് ടേമുകളിലും ധാപെവാഡയില്‍ ബിജെപിയായിരുന്നു ജയിച്ചത്. നാഗ്പൂര്‍ ജില്ലാ പരിഷദിലെ 58 സീറ്റില്‍ 31 എണ്ണം നേടിയ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി. വെറും 14 ഇടത്ത് മാത്രമാണ് ബിജെപി ജയിച്ചത്. പത്ത് സീറ്റുകളില്‍ എന്‍സിപിയും ജയിച്ചു. മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിന്‍റെ മകന്‍ സലില്‍ ദേശ്മുഖ് മെന്ദ്പരാജയില്‍ വലിയ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടു. 

നാഗ്പൂരിന് പുറമെസ പാല്‍ഘട്ട്, നന്ദുര്‍ബാര്‍, ധൂലെ, അകോള എന്നിവിടങ്ങളിലെ ജില്ലാ പരിഷത്തുകളിലേക്കും പഞ്ചായത്ത് സമിതികളിലേക്കും കഴിഞ്ഞദിവസമാണ് വോട്ടെടുപ്പ് നടന്നത്. പാല്‍ഘട്ടില്‍ 18 സീറ്റുകളോടെ ശിവസേനയാണ് വലിയ ഒറ്റകക്ഷി. എന്‍സിപിയും ബിജെപിയും പത്ത് സീറ്റുകളില്‍ ജയിച്ചു. കോണ്‍ഗ്രസിന് ഒരു സീറ്റ് മാത്രമാണ് ഇവിടെ ലഭിച്ചത്.
നന്ദുര്‍ബാറില്‍ 24 സീറ്റുകളില്‍ കോണ്‍ഗ്രസ് ജയിച്ച് വലിയ ഒറ്റകക്ഷിയായി. ശിവസേന നാലിടത്തും എന്‍സിപി മൂന്നിടത്തും വിജയിച്ചു. ബിജെപി ആറ് സീറ്റുകളിലേക്ക് ഒതുങ്ങി. അകോളയില്‍  ബിജെപിയും ശിവസേനയും നാല് സീറ്റുകള്‍ വീതം നേടി. ധൂലെയില്‍ ബിജെപി ഭരണമുറപ്പിച്ചു. 

Follow Us:
Download App:
  • android
  • ios