മുംബൈ: വിവാഹേതര ബന്ധത്തില്‍ രണ്ട് കുട്ടികളുണ്ടെന്ന് തുറന്ന് പറഞ്ഞ മഹാരാഷ്ട്ര മന്ത്രി ധനഞ്ജയ് മുണ്ടെക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാന്‍ ബിജെപി. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ കുട്ടികളുടെയും സ്വത്തുക്കളുടെയും കാര്യം മറച്ചുവെച്ചുവെന്നാരോപിച്ചാണ് മന്ത്രിക്കെതിരെ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. കഴിഞ്ഞ ദിവസം ഗായികയായ യുവതി മുണ്ടെക്കെതിരെ ബലാത്സംഗ ആരോപണം ഉന്നയിച്ചിരുന്നു. 2006 മുതല്‍ മുണ്ടെ തന്നെ നിരവധി തവണ ബലാത്സംഗം ചെയ്‌തെന്നാണ് ആരോപണം.

എന്നാല്‍ പണം തട്ടാനും തന്നെ ബ്ലാക്‌മെയില്‍ ചെയ്യാനുമാണ് യുവതിയുടെ ആരോപണമെന്നും യുവതിയുടെ സഹോദരിയുമായി വിവാഹേതര ബന്ധമുണ്ടെന്നും അതില്‍ രണ്ട് കുട്ടികളുണ്ടെന്നും മന്ത്രി വിശദീകരിച്ചു. 2003 മുതല്‍ തനിക്ക് ബന്ധമുള്ള സ്ത്രീയുടെ ഇളയ സഹോദരിയാണ് പരാതിക്കാരിയെന്നും ബന്ധം തന്റെ വീട്ടുകാര്‍ക്ക് അറിയാമെന്നും കുട്ടികളെ വളര്‍ത്തിയത് താനാണെന്നും മന്ത്രി പ്രസ്താവനയില്‍ പറഞ്ഞു. എന്റെ കുടുംബ പേരാണ് കുട്ടികള്‍ക്ക് നല്‍കിയിരിക്കുന്നത്. കുട്ടികളുടെ എല്ലാ ഉത്തരവാദിത്തവും ഏറ്റെടുത്തിട്ടുണ്ട്. എന്റെ ഭാര്യ കുട്ടികളെ അംഗീകരിച്ചു. അവര്‍ ഇപ്പോള്‍ എന്റെ കുടുംബത്തിന്റെ ഭാഗമാണ്. സ്ത്രീക്ക് മുംബൈയില്‍ ഫ്‌ലാറ്റ് വാങ്ങാനും അവരുടെ സഹോദരന് ബിസിനസ് തുടങ്ങാനും സഹായിച്ചുവെന്നും മുണ്ടെ പ്രസ്താവനയില്‍ പറഞ്ഞു.

വിവാഹേതര ബന്ധമുണ്ടെന്ന് മന്ത്രി തുറന്ന് സമ്മതിച്ചതിനെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ രാഷ്ട്രീയ വിവാദമുയര്‍ന്നു. രണ്ട് ഭാര്യമാരുടെയും പേരില്‍ സ്വത്തുണ്ടെന്ന് പരസ്യമായി വെളിപ്പെടുത്തുകയും എന്നാല്‍ സത്യവാങ്മൂലത്തില്‍ മറച്ചുവെക്കുകയും ചെയ്തത് നിയമലംഘനമാണെന്ന് ബിജെപി നേതാവ് കിരിത് സോമയ്യ ആരോപിച്ചു. സത്യം പുറത്തുവരുമെന്ന് പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്‌നവിസ് പ്രതികരിച്ചു.