മുംബൈ: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിൽ എൻസിപി-ശിവസേന-കോൺഗ്രസ് പക്ഷത്തിന് പുതിയ തലവേദന. ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച അജിത് പവാർ എംഎൽഎമാർക്ക് വിപ്പ് നൽകാൻ തീരുമാനിച്ചു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് പിന്നാലെ അജിത് പവാറിനെ നിയമസഭാ കക്ഷി നേതാവായി എൻസിപി തെരഞ്ഞെടുത്തിരുന്നു. അജിത് പവാർ സ്വന്തം നിലയ്ക്ക് തന്റെയും പാർട്ടി എംഎൽഎമാരുടെയും പിന്തുണ ബിജെപിക്കാണെന്ന് അറിയിച്ച് ഗവർണർക്ക് കത്ത് നൽകിയിരിക്കുകയാണ്. ഈ നീക്കത്തെ മറികടക്കാനുള്ള ശ്രമങ്ങളാണ് പാർട്ടി നടത്തുന്നത്.

നിയമസഭാ കക്ഷി നേതൃസ്ഥാനത്ത് നിന്ന് അജിത് പവാറിനെ നീക്കി പകരം ജയന്ത് പാട്ടീലിനെ എംഎൽഎമാരുടെ യോഗത്തിൽ തെരഞ്ഞെടുത്തിരുന്നു. ഈ കത്ത് ഗവർണർക്ക് സമർപ്പിക്കാൻ ഇന്നലെ തന്നെ ജയന്ത് പാട്ടീൽ രാജ്ഭവനിലെത്തിയിരുന്നെങ്കിലും ഗവർണർ സ്ഥലത്തുണ്ടായിരുന്നില്ല. രാജ്ഭവൻ സെക്രട്ടറിക്ക് കത്ത് നൽകി ജയന്ത് മടങ്ങി. 

വിശ്വാസ വോട്ടെടുപ്പ് നടക്കുമ്പോൾ ഇതിനെ അനുകൂലിക്കണമെന്ന് ആവശ്യപ്പെട്ടാകും അജിത് പവാർ എൻസിപി അംഗങ്ങൾഗക്ക് വിപ്പ് നൽകുക. നിയമോപദേശത്തിൻറെ അടിസ്ഥാനത്തിലുള്ള ഈ നീക്കം മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകത്തിൽ നടന്നുകൊണ്ടിരിക്കുന്ന ട്വിസ്റ്റുകൾ ഉടനൊന്നും അവസാനിക്കില്ലെന്ന സൂചനയാണ്.

അതേസമയം അജിത് പവാറിനൊപ്പമുള്ള എംഎൽഎമാരെ ഒന്നൊന്നായി തിരികെയെത്തിക്കാനാണ് എൻസിപി ശ്രമം. മൂന്ന് ദിവസം മുൻപ് കാണാതായ ഷഹപൂർ എംഎൽഎ ദൗലത്ത് ദറോഡയടക്കം രണ്ട് എംഎൽഎമാരെ ഇന്ന് ക്യാംപിൽ തിരിച്ചെത്തിച്ചു. ഹരിയാനയിലെ ഗുരുഗ്രാമിലെ ഒരു ഹോട്ടലിൽ, അനിൽ പാട്ടീൽ എംഎൽഎയ്ക്ക് ഒപ്പമായിരുന്നു ദൗലത്തും ഉണ്ടായിരുന്നത്. എൻസിപി വിദ്യാർ‍ത്ഥി സംഘടനയുടെ പ്രസിഡന്‍റ് സോണിയ ദൂഹനും, നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് ധീരജ് ശർമ്മയും നേതൃത്വം നൽകിയ സംഘമാണ് ഹരിയാനയിൽ നിന്നും എംഎൽഎമാരെ കണ്ടെത്തി തിരിച്ചെത്തിച്ചത്.

ഇനി പിംപ്രി എംഎൽഎ അണ്ണാ ബൻസോഡെ മാത്രമാണ് അജിത് പവാറിനൊപ്പം ഉള്ളതെന്നാണ് എൻസിപി നേതാക്കൾ പറയുന്നത്. ദില്ലിയിൽ തങ്ങുന്ന മറ്റൊരു എംഎൽഎ നർഹരി സിർവാൾ തങ്ങൾക്കൊപ്പമാണെന്നും എൻസിപി അവകാശപ്പെടുന്നു. ഇരുവരെയും ഉടൻ തിരിച്ചെത്തിക്കുമെന്നാണ് എൻസിപി ക്യാംപ്. എന്നാൽ അതുകൊണ്ട് നിർത്താൻ എൻസിപി തീരുമാനിച്ചിട്ടില്ല. അജിത് പവാറിനെയ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴും നടക്കുന്നുണ്ട്. 

മുതിർന്ന എൻസിപി നേതാവ് ഛഗൻ ഭുജ്‌ബാലാണ് ഇന്ന് അജിത് പവാറിനെ അനുനയിപ്പിക്കാനുള്ള ചുമതല ഏറ്റെടുത്തത്. അജിത് പവാറിന്റെ വീട്ടിലെത്തി അദ്ദേഹം കൂടിക്കാഴ്ച നടത്തി. എന്നാൽ തിരികെയില്ലെന്ന ഉറച്ച നിലപാടിലാണ് അജിത് പവാർ.