മുംബൈ: സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലായെങ്കിലും, സർക്കാർ രൂപീകരിക്കാനുള്ള സാധ്യതകൾ തേടുകയാണ് മഹാരാഷ്ട്രയിലെ രാഷ്ട്രീയ പാർട്ടികൾ. സർക്കാർ രൂപീകരിക്കാൻ ശ്രമിക്കുമെന്ന് ബിജെപി നേതാക്കൾ പറഞ്ഞു. പൊതുമിനിമം പരിപാടി വേണമെന്ന കോൺഗ്രസ്, എൻസിപി പാർട്ടികളുടെ ആവശ്യം അംഗീകരിച്ച് സർക്കാരുണ്ടാക്കാൻ
ശ്രമിക്കുമെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു.

ദില്ലിയിൽ നിന്ന് എൻസിപിയുമായി ചർച്ചനടത്താനായി കോൺഗ്രസ് നേതാക്കൾ പുറപ്പെട്ടതിന് പിന്നാലെയാണ് രാഷ്ട്രപതി ഭരണത്തിനായുള്ള ഉത്തരവ് ഇറങ്ങിയത്.സ‍ർക്കാരുണ്ടാക്കാൻ സേനയെ ഒപ്പം കൂട്ടുന്നതിലെ ഹൈക്കമാൻഡിന്‍റെ എതി‍ർപ്പ് എൻസിപിയുമായുള്ള യോഗത്തിൽ കോൺഗ്രസ് നേതാക്കൾ അറിയിച്ചു.സേനയുമായി പലകാര്യത്തിലം തർക്കങ്ങളുണ്ട്. പെട്ടെന്നൊരു ദിനം സഖ്യം രൂപീകരിക്കുന്നതിനോട് യോജിപ്പില്ലെന്നും ഒരു പൊതുമിനമം പരിപാടി വേണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

എന്നാൽ യോഗതീരുമാനം അറിഞ്ഞതിന് പിന്നാലെ തന്നെ ഉദ്ദവ് താക്കറെയും മാധ്യമങ്ങളെ കണ്ടു. വർഷങ്ങളായുള്ള ബിജെപി ബന്ധം കഴിഞ്ഞെന്നും കോൺഗ്രസും എൻസിപിയുമായി ചേർന്ന് സർക്കാരുണ്ടാക്കാൻ ശ്രമിക്കുമെന്നും ഉദ്ദവ് പറഞ്ഞു. കശ്മീരിൽ പിഡിപിയുമായി സഖ്യമുണ്ടാക്കിയ ബിജെപിക്ക് സേനയെ വിമർശിക്കാൻ അധികാരമില്ല.

സർക്കാരുണ്ടാക്കാൻ ചർച്ചകൾ തുടരുമെന്നായിരുന്നു ദേവേന്ദ്ര ഫഡ് നാവിസിന്റെ പ്രതികരണം. എന്ത് വില കൊടുത്തും സർക്കാരുണ്ടാക്കുമെന്ന് ബിജെപി നേതാവ് നാരായൺ റാണയും പറഞ്ഞു.