മുംബൈ: തെരഞ്ഞെടുപ്പ് ഫലം വന്ന് 18ആം ദിവസമാകുമ്പോഴും മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് അയവില്ല. ബിജെപിക്കും ശിവസേനയ്ക്കും ശേഷം എൻസിപിയെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചിരിക്കുകയാണ് ഗവർണർ ഭഗത് സിംഗ് കോഷിയാരി. ഇന്ന് വൈകിട്ട് എട്ടര വരെയാണ് എൻസിപിക്ക് നൽകിയിരിക്കുന്ന സമയം. ഇതിനിടെ ശിവസേന ഉൾപ്പെട്ട സർക്കാർ രൂപീകരണത്തിന് കോൺഗ്രസ് പുതിയ ഉപാധികൾ മുന്നോട്ട് വച്ചു. ചില കാര്യങ്ങൾ ശിവസേന എഴുതി നൽകണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. 

മതേതരത്വം നിലനിർത്തുന്നത് അടക്കമുള്ള കാര്യങ്ങളാണ് കോൺഗ്രസ് എഴുതി നൽകാൻ ആവശ്യപ്പെട്ടതെന്നാണ് സൂചന. ഇന്ന് രാവിലെ സോണിയ ഗാന്ധിയുടെ വസതിയിൽ കോൺഗ്രസ് ഉന്നതതല യോഗം ചേർന്നിരുന്നു. കോൺഗ്രസ് അധ്യക്ഷ ശരത് പവാറിനെ ഫോണിൽ വിളിച്ച് സംസാരിച്ചു. ഇതിന് ശേഷം അഹമ്മദ് പട്ടേലിനെയും മല്ലികാർജുൻ ഖാർഗയെയും കെ സി വേണുഗോപാലിനെയും ശരത് പവാറുമായി ചർച്ച നടത്താൻ നിയോഗിച്ചു. ഇവർ മൂന്ന് പേരും മുംബൈയിലേക്ക് തിരിച്ചിട്ടുണ്ട്. 

അതിനിടെ മുഖ്യമന്ത്രി സ്ഥാനം രണ്ടര വർഷം വച്ച് പങ്കുവയ്ക്കണമെന്ന ഉപാധി എൻസിപി ശിവസേനയ്ക്ക് മുമ്പിൽ വച്ചിട്ടുണ്ടെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. ശിവസേനയും എൻസിപിയും തമ്മിൽ ഇത് വരെ സർക്കാർ രൂപീകരണ കാര്യത്തിൽ അന്തിമ ധാരണയുണ്ടായിട്ടില്ലെന്നാണ്  സൂചന. കോൺഗ്രസിന്‍റെ അന്തിമ നിലപാടിനാണ് എൻസിപിയും കാത്തിരിക്കുന്നത്. കോൺഗ്രസ് പ്രതിനിധികളുമായുള്ള ചർച്ച കഴിഞ്ഞ ശേഷമായിരിക്കും അന്തിമ തീരുമാനം ഉണ്ടാകുക. 

ഗവർണർ ഇനി എന്ത് നിലപാടെടുക്കുമെന്നതും നിർണ്ണായകമാണ്. എട്ടരയ്ക്കുള്ളിൽ എൻസിപി സർക്കാർ രൂപീകരിക്കാനാകുമെന്ന് അറിയിച്ചില്ലെങ്കിൽ രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കപ്പെട്ടേക്കാം അതിന് മുമ്പ് കോൺഗ്രസിനെ കൂടി സർക്കാരുണ്ടാക്കാൻ ക്ഷണിക്കുമോ എന്നതും കാത്തിരുന്ന് കാണണം.