ദില്ലി: മഹാരാഷ്ട്രയിൽ നാളെ തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന സുപ്രീം കോടതി വിധി വലിയ രാഷ്ട്രീയ വിജയമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ. സുപ്രീം കോടതി വിധി ജനാധിപത്യത്തിന്റെ വിജയമാണെന്ന് പറഞ്ഞ അദ്ദേഹം ബിജെപി നാണംകെട്ട് ഇറങ്ങിപ്പോകുമെന്നും പറഞ്ഞു.

വിധിയിൽ വലിയ ആഹ്ലാദത്തോടെയായിരുന്നു കെസി വേണുഗോപാലിന്റെ നേതൃത്വത്തിൽ നേതാക്കൾ കോടതിയിൽ നിന്ന് പുറത്തേക്ക് എത്തിയത്. ഇത് വലിയ രാഷ്ട്രീയ വിജയമാണെന്ന് പറഞ്ഞ വേണുഗോപാൽ ബിജെപി രാജിവച്ച് പുറത്തുപോവുകയാണ് വേണ്ടതെന്നും ആവശ്യപ്പെട്ടു.

"പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും മുഖത്തേറ്റ രാഷ്ട്രീയ പ്രഹരമാണ് ഈ വിധി. ഭരണഘടനാ ദിനത്തിൽ തന്നെ ഇത്തരമൊരു വിധി വന്നത് ജനാധിപത്യത്തിന്റെ വിജയമാണ്," എന്നും വേണുഗോപാൽ പറഞ്ഞു. ആത്മാഭിമാനം വല്ലതും ബാക്കിയുണ്ടെങ്കിൽ മുഖ്യമന്ത്രി ഫഡ്‌നവിസ് സ്ഥാനം രാജിവച്ച് ഒഴിയണമെന്നും വേണുഗോപാൽ പറഞ്ഞു.

മഹാരാഷ്ട്രയിൽ നാളെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാണ് സുപ്രീം കോടതി ഉത്തരവിട്ടത്. എത്രയും പെട്ടെന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന സേന എൻസിപി കോൺഗ്രസ് സഖ്യത്തിന്‍റെ ആവശ്യം അംഗീകരിച്ചാണ് സുപ്രീം കോടതി വിധി. വിശ്വാസ വോട്ടെടുപ്പ് നടപടികൾ സുതാര്യമാകണമെന്ന് പറഞ്ഞ കോടതി, വോട്ടെടുപ്പ് നടപടികൾ മാധ്യമങ്ങൾ തത്സമയം സംപ്രേഷണം ചെയ്യണമെന്ന ആവശ്യവും അംഗീകരിച്ചു.

എത്രയും പെട്ടെന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ശിവസേനയും എൻസിപിയും കോൺഗ്രസും ആവശ്യപ്പെട്ടപ്പോൾ വിശ്വാസ വോട്ടെടുപ്പ് നടത്താൻ രണ്ട് ആഴ്ചയെങ്കിലും വേണമെന്ന നിലപാടായിരുന്നു ബിജെപി സുപ്രീം കോടതിയിൽ എടുത്തത്. നാളെ അഞ്ച് മണിയോടെ വിശ്വാസ വോട്ടെടുപ്പ് നടപടികൾ നടത്തണമെന്ന് കോടതി നിര്‍ദ്ദേശിച്ചതോടെ വിധി ബിജെപിക്ക് വലിയ തിരിച്ചടിയായി. രണ്ട് ദിവസം നീണ്ട വാദത്തിന് ശേഷം ജസ്റ്റിസ് രമണയാണ് വിധി വായിച്ചത്. ജസ്റ്റിസ് രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്.