മഹാരാഷ്ട്ര: കർഷകർക്ക് വേണ്ടിയാണ് ബിജെപിക്കൊപ്പം സർക്കാർ രൂപീകരിക്കാനുള്ള ഈ തീരുമാനമെടുത്തതെന്ന് എൻസിപിയുടെ പുതിയ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ. തെരഞ്ഞെടുപ്പ് ഫലം വന്ന് ഇത്രയും ദിവസമായിട്ടും ആർക്കും സർക്കാരുണ്ടാക്കാൻ കഴിഞ്ഞില്ല, മഹാരാഷ്ട്രിയിൽ ശ്രദ്ധ വേണ്ട അനേകം പ്രശ്നങ്ങളുണ്ട്. കർഷകർക്ക് അടിയന്തര സഹായം ആവശ്യമുണ്ട് അത് കൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത് അജിത് പവാർ വിശദീകരിക്കുന്നു. 

അത്യന്തം നാടകീയവും അപ്രതീക്ഷിതവുമായ നീക്കത്തിലൂടെയാണ് മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്നാവിസ് സത്യപ്രതിജ്ഞ ചെയ്തത്. ശിവസേന- എൻസിപി - കോൺഗ്രസ് ത്രികക്ഷി സർക്കാർ ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് ബിജെപി എൻസിപിയുടെ അജിത് പവാറിനെ കൂടെക്കൂട്ടി സർക്കാരുണ്ടാക്കിയിരിക്കുന്നത്. രാഷ്ട്രീയത്തിലെ എറ്റവും വലിയ ചതിയെന്നാണ് കോൺഗ്രസ് സംഭവവികാസങ്ങളെ വിശേഷിപ്പിച്ചിരിക്കുന്നത്.