അമിതമായി രക്തം വാർന്ന് ബോധരഹിതനായ യുവാവിനെ ഉടനെ തന്നെ സുഹൃത്തുക്കൾ ആശുപത്രിയിലെത്തിച്ചു. ഇയാള്‍ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.  

മുംബൈ: മഹാരാഷ്ട്രയിലെ പാൽഘറിൽ മീൻ പിടിക്കാൻ പുഴയിലിറങ്ങിയ യുവാവിന്‍റെ കാൽ കടിച്ച് മുറിച്ച് സ്രാവ്. വിക്കിയെന്ന യുവാവിനെയാണ് മീൻ പിടിക്കുന്നതിനിടെ സ്രാവ് ആക്രമിച്ചത്. നാസിക്, പാൽഘർ ജില്ലകളിലൂടെ ഒഴുകുന്ന അറബിക്കടലിനോട് ചേർന്ന വൈതർണ നദിയിലാണ് സംഭവം. കാല് മുറിഞ്ഞ് ചോരവാർന്ന് ബോധരഹിതിനായ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസമാണ് ദാരുണമായ സംഭവം നടന്നത്. കടലിനോട് ചേർന്ന പുഴയോരത്ത് വെള്ളത്തിലിറങ്ങി മീൻ പിടിക്കുകയായിരുന്നു യുവാവ്. ഇയാള്‍ക്കൊപ്പം സുഹൃത്തുക്കളുമുണ്ടായിരുന്നു. കടലിനോട് ചേർന്ന ഭാഗത്തേക്കിറങ്ങി മീൻ പിടിക്കുന്നതിനിടെ പെട്ടന്നാണ് സ്രാവിന്‍റെ ആക്രമണമുണ്ടായത്. വിക്കിയെ ചുറ്റിക്കറങ്ങിയ സ്രാവ് ഇയാളുടെ കാലിൽ കടിക്കുകയായിരുന്നു. ആക്രമണത്തിൽ ഇടത് കാൽമുട്ടിന് താഴെ വലിയൊരു ഭാഗം മാംസം സ്രാവ് കടിച്ചെടുത്തിട്ടുണ്ട്. 


അമിതമായി രക്തം വാർന്ന് ബോധരഹിതനായ യുവാവിനെ ഉടനെ തന്നെ സുഹൃത്തുക്കൾ ആശുപത്രിയിലെത്തിച്ചു. ഇയാള്‍ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഒരു നാട്ടുകാരൻ പകർത്തിയ വീഡിയോയിൽ സ്രാവ് വെള്ളത്തിൽ വാൽ ഇട്ടടിക്കുന്നത് വ്യക്തമാണ്. സംഭവത്തിന് പിന്നാലെ നാട്ടുകാർ വല ഉപയോഗിച്ച് സ്രാവിനെ പിടികൂടി. പിന്നീട് സ്രാവിനെ കരയിലെത്തിച്ച് കൊലപ്പെടുത്തി വലിച്ചിഴക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രദേശത്ത് കൂടുതൽ സ്രാവുകൾ ഉണ്ടാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ. മത്സ്യ ബന്ധനത്തിന് പോകുന്നവർ എന്തായാലും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദ്ദേശം നൽകി.

Read More : 4 ദിവസം മദ്യമില്ല, ബാറും ബിവറേജും തുറക്കില്ല; ഉത്തരവിട്ട് ഡെപ്യൂട്ടി കമ്മീഷണർ, ബെംഗളൂരുവിൽ മദ്യനിരോധനം