തൃണമൂൽ കോൺഗ്രസിലെ 20 എംപിമാർ എൻഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ പാർട്ടിയിൽ വൻ പ്രതിസന്ധി. വിമത പക്ഷത്ത് ചേർന്ന മുൻ ക്രിക്കറ്റർ യൂസഫ് പഠാനെതിരെ രൂക്ഷ വിമർശനവുമായി മഹുവ മൊയ്ത്ര രംഗത്തെത്തി. കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യത ഒഴിവാക്കാനുള്ള ആസൂത്രിത നീക്കത്തിലാണ് വിമത എംപിമാർ.

ദില്ലി: എൻഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ച തൃണമൂലിൻ്റെ വിമത എംപി യൂസഫ് പഠാനെതിരെ അതിരൂക്ഷ വിമർശനവുമായി മുൻ എംപിയും തൃണമൂൽ നേതാവുമായ മഹുവ മൊയ്ത്ര. ലോക്‌സഭയിലെ 28 ടിഎംസി എംപിമാരിൽ 20 പേർ പാർട്ടി നേതൃത്വവുമായി തെറ്റിപ്പിരിഞ്ഞ് ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സഖ്യത്തെ പിന്തുണയ്ക്കാൻ തീരുമാനിച്ചിരുന്നു. ലോക്‌സഭയിൽ പ്രത്യേക ബ്ലോക്കായി തങ്ങളെ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ സ്പീക്കർ ഓം ബിർളയ്ക്ക് കത്ത് നൽകിയിട്ടുണ്ട്. മുൻ ഇന്ത്യൻ ക്രിക്കറ്ററും ബഹരംപൂർ എംപിയുമായ യുസുഫ് പഠാനും വിമത എംപിമാർക്കൊപ്പമാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

'അമിത് ഷാ വിളിച്ചതുകൊണ്ട് നിങ്ങൾ ദില്ലിയിലേക്ക് ഓടുകയാണോ യുസഫ് പഠാൻ? അൽപം ധൈര്യം കാണിക്കൂ. നിങ്ങൾ ഇന്ത്യയ്ക്ക് വേണ്ടി കളിച്ച ആളാണ്. നമ്മുടെ ജില്ലയിലെ ജനങ്ങൾ വലിയ ഭൂരിപക്ഷത്തിനാണ് നിങ്ങളെ വിജയിപ്പിച്ചത്. അൽപം നാണവും നട്ടെല്ലും കാണിക്കൂ,' - മഹുവ മൊയ്‌ത്ര എക്സിൽ കുറിച്ചു. 2024-ലെ പൊതുതെരഞ്ഞെടുപ്പിൽ ഈ എംപിമാരെല്ലാം ജയിച്ചത് തൃണമൂൽ കോൺഗ്രസിന്റെ ടിക്കറ്റിലാണ്. ആ ജനവിധി എൻഡിഎയ്ക്ക് വേണ്ടിയുള്ളതായിരുന്നില്ലെന്ന് മഹുവ ഓർമ്മിപ്പിച്ചു. 'എല്ലാ സ്വാർത്ഥരും അത്യാഗ്രഹികളുമായ വഞ്ചകരും ഇപ്പോൾ ബിജെപിയിൽ ചേർന്നോളൂ. പക്ഷേ, നിങ്ങളുടെ എംപി സ്ഥാനം രാജി വെച്ചിട്ട് ബിജെപി ടിക്കറ്റിൽ വീണ്ടും മത്സരിക്കൂ. നിങ്ങൾ എത്ര വലിയ ഹീറോകളാണെന്ന് അപ്പോൾ കാണാമല്ലോ,' എന്നും മഹുവ വെല്ലുവിളിച്ചു.

പാർട്ടി ചീഫ് വിപ്പായിരുന്ന കാകോലി ഘോഷ് ദസ്തിദാറിന്റെ നേതൃത്വത്തിലാണ് 20 എംപിമാർ മമത ബാനർജിക്കെതിരെ തിരിഞ്ഞത്. ജനവിധി മാനിച്ചാണ് തങ്ങൾ എൻഡിഎയെ പിന്തുണയ്ക്കുന്നതെന്ന് അവർ വ്യക്തമാക്കി. പശ്ചിമ ബംഗാളിൽ അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയെ തുടർന്നാണ് ടിഎംസിയിൽ ആഭ്യന്തര തർക്കങ്ങൾ രൂക്ഷമായത്. കഴിഞ്ഞ ദിവസം 60 ഓളം ടിഎംസി എംഎൽഎമാരും പാർട്ടി നേതൃത്വത്തെ വിമർശിച്ച് പ്രതിപക്ഷത്ത് ഭിന്ന നിലപാട് സ്വീകരിച്ചിരുന്നു.

കൂറുമാറ്റ നിരോധന നിയമപ്രകാരം എംപി സ്ഥാനം റദ്ദാക്കപ്പെടാതിരിക്കാൻ കൃത്യമായ ആസൂത്രണത്തോടെയാണ് വിമതർ നീങ്ങിയത്. നിയമപ്രകാരം ഒരു പാർട്ടിയിലെ മൂന്നിൽ രണ്ട് എംപിമാർ ഒരുമിച്ച് മാറിയാൽ അയോഗ്യത ഉണ്ടാകില്ല. ടിഎംസിക്ക് ആകെ 28 ലോക്‌സഭാ എംപിമാരാണുള്ളത്. അതിനാൽ 19 പേരുടെ പിന്തുണയുണ്ടെങ്കിൽ അയോഗ്യത ഒഴിവാക്കാം. ഇപ്പോൾ 20 എംപിമാർ ഒപ്പമുള്ളതിനാൽ വിമതർക്ക് നിയമപരമായ പരിരക്ഷ ലഭിച്ചേക്കും. മമത ബാനർജിയോട് വിശ്വസ്തത പുലർത്തുന്ന സൗഗത റോയ്, കല്യാൺ ബാനർജി, കീർത്തി ആസാദ്, സുദീപ് ബന്ദേപാധ്യായ എന്നിവർക്കൊപ്പം മഹുവ മൊയ്ത്രയും ഔദ്യോഗിക ടിഎംസി പക്ഷത്ത് ഉറച്ചുനിൽക്കുകയാണ്.

Scroll to load tweet…