ദില്ലി: പാര്‍ലമെന്‍റില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മോയിത്ര. യു എ പി എ നിയമം ഭേദഗതി ചെയ്യണമെന്ന് നിര്‍ദ്ദേശിക്കുന്ന ബില്‍ ചര്‍ച്ചയ്‍ക്കെടുത്തപ്പോഴാണ് മഹുവ കേന്ദ്രത്തിനെതിരെ സംസാരിച്ചത്. കേന്ദ്രം ലക്ഷ്യം വയ്ക്കുന്നവരെ വേട്ടയാടാന്‍ നിയമസഹായം ലഭിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

'കേന്ദ്രം ആരെയെങ്കിലും ലക്ഷ്യം വെച്ചാല്‍ അവരെ ദേശവിരുദ്ധരായി മുദ്ര കുത്താന്‍ നിയമങ്ങളും സംവിധാനങ്ങളും ഉപയോഗിക്കുന്നതായി മഹുവ മോയിത്ര പറഞ്ഞു. പ്രതിപക്ഷ നേതാക്കള്‍, ന്യൂനപക്ഷങ്ങള്‍, ആക്ടിവിസ്റ്റുകള്‍ എന്നിവര്‍ ഉള്‍പ്പെടെ കേന്ദ്രത്തിന്‍റെ ഏകപക്ഷീയമായ ആശയങ്ങളോട് വിയോജിക്കുന്നവരെ ദേശവിരുദ്ധരായി ചിത്രീകരിക്കുവാന്‍ കേന്ദ്രം ശ്രമിക്കുകയാണ്. പ്രതിപക്ഷം പോലും ദേശവിരുദ്ധരാക്കപ്പെടുമോ എന്ന ഭീതിയിലാണ് കഴിയുന്നത്' - മഹുവ പറഞ്ഞു. 

എന്നാല്‍ മഹുവയുടെ പ്രസംഗം തടസ്സപ്പെടുത്തിയ ബിജെപി എംപി എസ് എസ് അലുവാലിയ  പോയിന്‍റ് ഓഫ് ഓര്‍ഡര്‍ ഉന്നയിച്ചു. സ്ഥിരീകരണമില്ലാതെ സര്‍ക്കാരിനെതിരെ വെറുതെ ആരോപണങ്ങള്‍ ഉന്നയിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. പോയിന്‍റ് ഓഫ് ഓര്‍ഡര്‍ ഉന്നയിച്ചെങ്കിലും പിന്നോട്ടില്ലെന്ന് തുറന്നടിച്ച മഹുവ യു എ പി എ ഭേദഗതിയെ ശക്തമായി എതിര്‍ത്തു.

വിചാരണകള്‍ ഇല്ലാതെ വ്യക്തികളെ ഭീകരവാദികളാക്കി മുദ്രകുത്തുന്നതാണ് ഈ നിയമമെന്നും സംസ്ഥാനങ്ങളുടെ അധികാരം എടുത്തുകളയുകയാണ് പുതിയ ഭേദഗതിയിലൂടെയെന്നും മഹുവ വാദിച്ചു. യു എ പി എ ഭേദഗതിയില്‍ എന്‍ ഐ എയ്ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന സെക്ഷന്‍ 25-നെയും സെക്ഷന്‍ 35-നെയുമാണ് ഇവര്‍ രൂക്ഷമായി വിമര്‍ശിച്ചത്.