പിംപ്രി ചിഞ്ച്‌വാദ് മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ഭൊസരിയിലെ ദാവദേവസ്‌തി ഡിവിഷനിൽ ബിജെപി സ്ഥാനാർത്ഥി രവി ലാൻഗെ എതിരില്ലാതെ ജയിച്ചു. തുടർച്ചയായി രണ്ടാം തവണയാണ് ലാൻഗെ ഇവിടെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്നത്.
മുംബൈ: പിംപ്രി ചിഞ്ച്‌വാദ് മുനിസിപ്പൽ കാർപറേഷൻ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ആദ്യ ജയം. ഭൊസരി ഏരിയയിലെ ദാവദേവസ്‌തി ഡിവിഷനിൽ എതിരില്ലാതെയാണ് ബിജെപി സ്ഥാനാർത്ഥി രവി ലാൻഗെ ജയിച്ചത്. അതേസമയം ഈ സീറ്റിൽ പാർട്ടി സ്ഥാനാർത്ഥിയായി നിശ്ചയിച്ചയാൾ എന്തുകൊണ്ട് നാമനിർദേശ പത്രിക സമർപ്പിച്ചില്ലെന്ന് പരസ്പരം ചോദിക്കുകയാണ് എൻസിപി അജിത് പവാർ പക്ഷം. തുടർച്ചയായി രണ്ടാം തവണയാണ് ഭൊസരിയിലെ ദാവദേവസ്‌തിയിൽ രവി ലാൻഗെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്നത്. ഇതിൽ അന്വേഷണം വേണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് എഎപി ആവശ്യപ്പെട്ടു.
എന്താണ് ഭൊസരിയിൽ സംഭവിച്ചതെന്നോ അവിടുത്തെ പാർട്ടി സ്ഥാനാർത്ഥി ആരെന്നോ തനിക്കറിയില്ലെന്ന് എൻസിപി നേതാവ് യോഗേഷ് ബെൽ പ്രതികരിച്ചു. ദാവദേവസ്‌തി വാർഡിൽ മൂന്ന് പേരാണ് മത്സര രംഗത്തുണ്ടായതെന്നും രണ്ട് പേർ പത്രിക പിൻവലിച്ചെന്നുമാണ വിവരം. ശിവസേന ഉദ്ദവ് താക്കറെ പക്ഷത്ത് നിന്ന് അടുത്തിടെ ബിജെപിയിലെത്തിയ ആളാണ് രവി ലാൻഗെ. ഇയാളുടെ ഭാര്യയും സ്വതന്ത്രനായി മറ്റൊരാളുമാണ് ഡിവിഷനിൽ മത്സരിക്കാൻ പത്രിക സമർപ്പിച്ചത്.
സ്വതന്ത്രനായി പത്രിക സമർപ്പിച്ച പ്രസാദ് കേറ്റും പത്രിക പിൻവലിക്കുകയായിരുന്നു. ബിജെപിയുടെ സമ്മർദ്ദമല്ല പിന്മാറാൻ കാരണമെന്നാണ് ഇദ്ദേഹത്തിൻ്വാദം. ലാൻഗെയുടെ കുടുംബവുമായി ഏറെ നാളത്തെ സൗഹൃദമെന്നും അത് തകരാൻ ആഗ്രഹിക്കുന്നില്ലെന്നുമായിരുന്നു ഇദ്ദേഹത്തിൻ്റെ മറുപടി.


