രാജ്യത്ത് പൊലീസും ജനസംഖ്യയും തമ്മിലുള്ള അനുപാതം ഒരു ലക്ഷം പേര്‍ക്ക് 138 പേര്‍ ആയിരിക്കെയാണ് ട്വിറ്റര്‍ സെലിബ്രിറ്റിക്ക് വൈ പ്ലസ് സുരക്ഷ നല്‍കുന്നത്. എന്‍സിപിയെയും ശിവസേനയെയും നിരന്തരം വിമര്‍ശിച്ചതിന്റെ പ്രതിഫലമാണ് കങ്കണയുടെ വൈ പ്ലസ് സുരക്ഷയെന്നാണ് വിമര്‍ശനം
മുംബൈ: ബോളിവുഡ് നടി കങ്കണ റണൌട്ടിന് വൈ പ്ലസ് കാറ്റഗറി സുരക്ഷ നല്‍കിയ കേന്ദ്ര നീക്കത്തില്‍ പ്രതിഷേധവുമായി തൃണമുല്‍ കോണ്‍ഗ്രസ് എംപി മഹുവ മോയ്ത്ര. രാജ്യത്ത് പൊലീസും ജനസംഖ്യയും തമ്മിലുള്ള അനുപാതം ഒരു ലക്ഷം പേര്‍ക്ക് 138 പേര്‍ ആയിരിക്കെയാണ് ട്വിറ്റര്‍ സെലിബ്രിറ്റിക്ക് വൈ പ്ലസ് സുരക്ഷ നല്‍കുന്നത്.
പൊലീസ് ജനസംഖ്യാനുപാതത്തില്‍ എഴുപത്തൊന്ന് രാജ്യങ്ങളിലെ ഏറ്റവും പിന്നില്‍ നിന്നുള്ള അഞ്ചാമത്തെ രാജ്യത്തെ രാജ്യമാണ് ഇന്ത്യയെന്നും മഹുവ മോയ്ത്ര പറയുന്നു. രാജ്യത്തെ വിഭവങ്ങള്‍ മറ്റ് രീതികളില്‍ ചെലവിട്ടുകൂടേ ആഭ്യന്തരമന്ത്രീയെന്നാണ് മഹുവ മോയ്ത്രയുടെ ട്വീറ്റ്. സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണവുമായി ബന്ധപ്പെട്ട് ശിവസേനയുമായി ട്വിറ്ററിലൂടെ വിമര്‍ശനവുമായി സജീവമാണ് കങ്കണ റണൌട്ട്.
എന്‍സിപിയെയും ശിവസേനയെയും നിരന്തരം വിമര്‍ശിച്ചതിന്റെ പ്രതിഫലമാണ് കങ്കണയുടെ വൈ പ്ലസ് സുരക്ഷയെന്നാണ് വിമര്‍ശനം. നേരത്തേ മുംബൈയെ മിനി പാകിസ്ഥാന്‍ എന്ന് വിശേഷിപ്പിച്ച് കങ്കണ ട്വീറ്റ് ചെയ്തിരുന്നു. ഇതിനേ തുടര്‍ന്നുണ്ടായ വാക്‌പോരാണ് കങ്കണയ്ക്ക് വൈ പ്ലസ് സുരക്ഷയില്‍ കലാശിച്ചത്.
