ബംഗാൾ, തമിഴ്‌നാട് എന്നിവയുൾപ്പെടെ നിരവധി പ്രധാന സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ജൂണിൽ സംഘടനാ തെരഞ്ഞെടുപ്പ് നടക്കുമെന്ന് പാർട്ടി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ്... 

ദില്ലി: മുൻ കോൺ​ഗ്രസ് അധ്യക്ഷനും വയനാട് എംപിയുമായ രാഹുൽ ​ഗാന്ധിയെ വീണ്ടും കോൺ​ഗ്രസ് അധ്യക്ഷനാക്കണമെന്ന ആവശ്യവുമായി കോൺ​ഗ്രസിന്റെ ദില്ലി യൂണിറ്റ്. പാർട്ടി അധ്യക്ഷനായി ഉടൻ രാഹുൽ മടങ്ങിയെത്തണമെന്നതാണ് ദില്ലി കോൺ​ഗ്രസ് കമ്മിറ്റിയുടെ ആവശ്യം. 

ബംഗാൾ, തമിഴ്‌നാട് എന്നിവയുൾപ്പെടെ നിരവധി പ്രധാന സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ജൂണിൽ സംഘടനാ തെരഞ്ഞെടുപ്പ് നടക്കുമെന്ന് പാർട്ടി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് മറ്റ് സംസ്ഥാന യൂണിറ്റുകളുടെ സമാനമായ പ്രഖ്യാപനങ്ങളുടെ തുടക്കം പ്രതീക്ഷിക്കുന്നത്. പാർട്ടിയുടെ സിഡബ്ല്യുസി (കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി) യുടെ യോഗത്തിന് ശേഷമാണ് പ്രഖ്യാപനം ഉണ്ടായത്. 

യോ​ഗത്തിൽ പാർട്ടിയിലെ മുതിർന്ന നേതാക്കളായ ​ഗുലാം നബി ആസാദ്, മുകുൾ വാസ്നിക്, പി ചിദംബരം എന്നിവർ പാർട്ടി നേതൃത്വത്തെക്കുറിച്ച് ചോദ്യം ഉന്നയിച്ചതോടെയാണ് സംഘടനാ തെരഞ്ഞെടുപ്പ് എന്ന തീരുമാനം ഉണ്ടായത്. മറുപക്ഷമായ ​ഗുലാം നബി ആസാദ്, അമരീന്ദർ സിം​ഗ്, എ കെ ആന്റണി, ഉമ്മൻചാണ്ടി എന്നിവർ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം മതി സംഘടനാ തെരഞ്ഞെടുപ്പ് എന്ന നിലപാടെടുക്കുകയായിരുന്നു. 

2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ ദയനീയ തോൽവിക്ക് പിന്നാലെയാണ് കോൺ​ഗ്രസ് അധ്യക്ഷ പദവി രാഹുൽ ​ഗാന്ധി ഉപേക്ഷിച്ചത്. നിരവധി തവണ മടങ്ങി വരാൻ ആവശ്യപ്പെട്ടിട്ടും ഇനി പാർട്ടി തലപ്പത്തേക്കില്ലെന്ന നിലപാടാണ് രാഹുൽ സ്വീകരിച്ചത്. ഇതോടെ സോണിയാ ​ഗാന്ധി വീണ്ടും പാർട്ടി അധ്യക്ഷ പദവി ഏറ്റെടുത്തു.