ലഖ്നൗ: ശൈത്യകാലം അടുത്തതോടെ തണുപ്പിനെ പ്രതിരോധിക്കാൻ പശുക്കൾക്ക് കോട്ട് നിർമ്മിക്കാനൊരുങ്ങി ഉത്തർപ്രദേശിലെ അയോധ്യ മുന്‍സിപ്പല്‍ കോര്‍പ്പറേഷൻ. ചണം കൊണ്ടുള്ള കോട്ടുകളാണ് മുൻസിപ്പൽ കോർപ്പറേഷൻ പശുക്കൾക്കായി നിർമ്മിക്കുന്നത്. 

ആദ്യഘട്ടമായി 1200 പശുക്കൾക്കാകും കോട്ടുകൾ നിർമ്മിക്കുന്നത്. ഇതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ‌ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

'തണുപ്പിൽ നിന്ന് രക്ഷനേടാൻ പശുക്കൾക്ക് ചണം കൊണ്ടുള്ള കോട്ടുകൾ നിർമ്മിക്കുന്നു. കോട്ടുകള്‍ തുന്നാന്‍ രജ്ജു പാണ്ഡെ എന്ന കര്‍ഷകന് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. ആദ്യം കുറച്ച് കോട്ടുകള്‍ കൊണ്ടുവന്ന് പശുക്കളില്‍ പരീക്ഷണം നടത്തും. പദ്ധതി വിജയകരമാണെന്ന് തോന്നിയാല്‍ ഇത് സംസ്ഥാനം മുഴുവന്‍ ആവിഷ്‌കരിക്കും'- അയോധ്യയിലെ മേയറും ബിജെപി നേതാവുമായ ഋഷികേശ് ഉപധ്യായ പറഞ്ഞു.