ഏപ്രില്‍ 27 മുതല്‍ കുടിവെള്ളം കൂടി ഉപേക്ഷിക്കുമെന്ന് നേരത്തേ ആത്മബോധാനന്ദ് അറിയിച്ചിരുന്നു.
ഹരിദ്വാര്‍: ഗംഗാ നദിയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നിരാഹാരമിരിക്കുന്ന സന്യാസി ആത്മബോധാനന്ദയെ അനുനയിപ്പിക്കാനായി കേന്ദ്രസര്‍ക്കാര്‍ അയച്ചത് മലയാളി ബ്യൂറോക്രാറ്റ് ജി അശോക് കുമാറിനെ. മലിനീകരണത്തില്‍ നിന്നും അനധികൃത ഖനനത്തില്‍ നിന്നും ഗംഗയെ മുക്തമാക്കണമെന്ന ആവശ്യവുമായി 182 ദിവസങ്ങളായി ആത്മബോധാനന്ദ് നിരാഹാരമിരിക്കുകയാണ്
ഏപ്രില്‍ 27 മുതല്‍ കുടിവെള്ളം കൂടി ഉപേക്ഷിക്കുമെന്ന് നേരത്തേ ആത്മബോധാനന്ദ് അറിയിച്ചിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെ മേയ് 2 വരെ വെള്ളം കുടിക്കുന്നത് തുടരുമെന്ന് ആത്മബോധാനന്ദ് ഉറപ്പുനല്‍കിയിട്ടുണ്ട്. ആത്മബോധാനന്ദും ജി അശോക് കുമാറും ആലപ്പുഴ സ്വദേശികളാണ്.
ഉത്തരാഖണ്ഡില്‍ നിര്‍മ്മാണത്തിലിരിക്കുന്ന മൂന്ന് പ്രധാന ഹൈഡ്രോപവര്‍ പ്ലാന്‍റ്സ് കേന്ദ്രസര്‍ക്കാര്‍ ആറുദിവസത്തിനുള്ളില്‍ നിര്‍ത്തലാക്കണമെന്നാണ് ആത്മബോധാനന്ദയുടെ ആവശ്യം. അതേസമയം വിഷയത്തില്‍ കേന്ദ്രം ഇടപെട്ടതില്‍ ആത്മബോധാനന്ദ് സന്തോഷം പ്രകടിപ്പിച്ചു. എന്നാല്‍ മേയ് 15 വരെ താന്‍ വെള്ളം കുടിക്കുന്നത് തുടരണമെന്നാണ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതെന്നും പ്രധാന സ്ഥലങ്ങളിലെ തെരഞ്ഞെടുപ്പ് ഇതിനുള്ളില്‍ കഴിയുമെന്നതിനാലാണ് അവര്‍ അത്തരമൊരു ആവശ്യം മുന്നോട്ട് വച്ചതെന്നും സന്യാസി പറഞ്ഞു.
ഉത്തരാഖണ്ഡിലെ ഹൈഡ്രോപവര്‍ പദ്ധതിയുടെ നിര്‍മ്മാണം പൂര്‍ണ്ണമായി നിര്‍ത്തലാക്കിക്കൊണ്ടുള്ള പേപ്പര്‍ നാഷണല്‍ മിഷന്‍ ഫോര്‍ ക്ലീന്‍ ഗംഗ മേയ് 15 ന് ശേഷം നല്‍കുമെന്ന് അശോക് കുമാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.
