Asianet News MalayalamAsianet News Malayalam

രാജ്യദ്രോഹികളും ബീഫ് കഴിക്കുന്നവരുമെന്നാരോപിച്ച് ജമ്മു സര്‍വകലാശാലയില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് നേരെ ആക്രമണം

നാനോസയൻസ‌് വിദ്യാർഥി വിഷ‌്ണു, നാഷണൽ സെക്യൂരിറ്റി വിദ്യാർഥി ഭരത‌് എന്നിവർക്ക‌് ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ‌്ച ആർട‌് ഫെസ‌്റ്റ‌് നടക്കുന്നതിനിടെയാണ‌് അക്രമം. 

Malayali students attacked by ABVP and sanghparivar in jammu central university
Author
Jammu, First Published Apr 15, 2019, 3:27 PM IST

ദില്ലി: രാജ്യദ്രോഹികളെന്ന് മുദ്രകുത്തി ജമ്മു കേന്ദ്ര സർവകലാശാലയിൽ മലയാളി വിദ്യാർഥികള്‍ക്ക് നേരെ ആക്രമണം.  ബീഫ് കഴിക്കുന്നവരും ദേശദ്രോഹികളും ജെഎന്‍യു  ബന്ധമുള്ളവരുമെന്ന് ആരോപിച്ചാണ് മര്‍ദ്ദനം. നാനോസയൻസ‌് വിദ്യാർഥി വിഷ‌്ണു, നാഷണൽ സെക്യൂരിറ്റി വിദ്യാർഥി ഭരത‌് എന്നിവർക്ക‌് ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ‌്ച ആർട‌് ഫെസ‌്റ്റ‌് നടക്കുന്നതിനിടെയാണ‌് അക്രമം. 
വൈസ് ചാന്‍സലറും ഹോസ്റ്റൽ വാർഡനും പൊലീസിൽ പരാതി നൽകാനുള്ള വിദ്യാര്‍ഥികളുടെ നീക്കം തടഞ്ഞതായും വിദ്യര്‍ഥികള്‍ ആരോപിച്ചു.

പരാതി നൽകിയാൽ പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്ന‌് ഭീഷണിപ്പെടുത്തി. അതേസമയം, വിഷയം മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ  ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും ഇടപെടാമെന്ന ഉറപ്പ‌് ലഭിച്ചിട്ടുണ്ടെന്നും വിദ്യാർഥികൾ പറഞ്ഞു. എബിവിപി- ആർ എസ‌് എസ‌് പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.  

 മലയാളി വിദ്യാര്‍ഥികള്‍ക്കു നേരെ ആക്രമണമുണ്ടായതായി വൈസ് ചാന്‍സലര്‍ അശോക് ഐമ പറഞ്ഞു. കാമ്പസില്‍ ലാല്‍സലാം എന്ന വാക്കുപോലും ഉച്ചരിക്കാന്‍ പാടില്ലെന്നും സംഘ്പരിവാര്‍ നിര്‍ദേശമുണ്ട്. മാസങ്ങളായി മലയാളി വിദ്യാര്‍ഥികള്‍ക്കു നേരെ ജമ്മു സര്‍വകലാശാലയില്‍ ആക്രമണം നടക്കുന്നുണ്ട്. സര്‍വകലാശാലയില്‍ പ്രശ്നങ്ങള്‍ രൂക്ഷമാണെന്നും ഇടപെടണമെന്നും ആവശ്യപ്പെട്ട് സെപ‍റ്റംബറില്‍ വിദ്യാര്‍ഥികള്‍ കേരള മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു. 

സര്‍വകലാശാലയില്‍ മലയാളി വിദ്യാര്‍ഥികള്‍ രാജ്യദ്രോഹ പ്രവര്‍ത്തനം നടത്തുന്നതായി എബിവിപി പ്രവര്‍ത്തകര്‍ കേന്ദ്ര മന്ത്രിക്ക് പരാതിയും നല്‍കിയിരുന്നു. ഗൗരിലങ്കേഷിന്‍റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കാമ്പസില്‍ മലയാളി വിദ്യാര്‍ഥികള്‍ നടത്തിയ പരിപാടിക്ക് ശേഷമാണ് ആക്രമണ പരമ്പരയുണ്ടായത്. പരിപാടി സംഘടിപ്പിച്ചതിന് സര്‍വകലാശാല അധികൃതര്‍ നോട്ടീസ് നല്‍കിയിരുന്നു. 35ഓളം മലയാളി വിദ്യാര്‍ഥികളാണ് സര്‍വകലാശാലയില്‍ പഠിക്കുന്നത്.

Follow Us:
Download App:
  • android
  • ios